ജിമ്മിൽ പോകുന്നതിന് തൊട്ടുമുമ്പ് അമിതമായി ആഹാരം കഴിക്കുന്നതും ഒഴിഞ്ഞ വയറോടെ പോകുന്നതും ഒരുപോലെ ദോഷം ചെയ്യും. വർക്കൗട്ട് ചെയ്യുമ്പോൾ ശരീരത്തിന് എത്രത്തോളം ഊർജ്ജവും സ്റ്റാമിനയും ലഭിക്കുമെന്ന് തീരുമാനിക്കുന്നത് ജിമ്മിൽ കയറുന്നതിന് മുൻപ് നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതിയും പോഷക ആവശ്യങ്ങളും വ്യത്യസ്തമാണെങ്കിലും, എളുപ്പത്തിൽ ദഹിച്ച് ഊർജ്ജം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കാനാണ് ഫിറ്റ്നസ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. അടുത്ത തവണ ജിമ്മിൽ പോകുന്നതിന് മുൻപ് നിങ്ങൾക്ക് കഴിക്കാൻ പറ്റിയ ചില മികച്ച ഭക്ഷണങ്ങൾ ഇതാ.
പെട്ടെന്ന് ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകളും പൊട്ടാസ്യവും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. ഇതിലെ കാർബോഹൈഡ്രേറ്റ് പേശികൾക്ക് ആവശ്യമായ ഊർജ്ജം ഉടനടി നൽകുന്നു. പൊട്ടാസ്യം ഒരു ഇലക്ട്രോലൈറ്റായി പ്രവർത്തിച്ച് വർക്കൗട്ടിനിടയിൽ പേശികൾ വലിഞ്ഞു മുറുകുന്നത് (cramping) തടയും. വ്യായാമം തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് പഴം കഴിക്കുന്നത് പെട്ടെന്ന് ഊർജ്ജം കൂട്ടാൻ സഹായിക്കും.
ഓട്സിൽ അടങ്ങിയിരിക്കുന്ന കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ വളരെ പതുക്കെ മാത്രമേ രക്തത്തിലേക്ക് ഗ്ലൂക്കോസ് റിലീസ് ചെയ്യുകയുള്ളൂ. ഇത് വർക്കൗട്ടിനിടയിൽ പെട്ടെന്ന് സ്റ്റാമിന കുറഞ്ഞുപോകാതെ ഒരേ ലെവലിൽ നിലനിർത്താൻ സഹായിക്കും. അതുകൊണ്ട് കൂടുതൽ സമയം നീണ്ടുനിൽക്കുന്ന ഹെവി വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നവർ ജിമ്മിൽ പോകുന്നതിന് ഒരു മണിക്കൂർ മുൻപ് ഓട്സ് കഴിക്കുന്നത് നല്ലതാണ്.
മുട്ട പുഴുങ്ങിയത് പ്രീ-വർക്കൗട്ട് സ്നാക്ക് ആയി കഴിക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണമാണ്. പേശികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും ലൂസിനും (leucine) ഇതിൽ അടങ്ങിയിട്ടുണ്ട്. മസിൽ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാൻ പറ്റിയ ഈ പ്രീ-വർക്കൗട്ട് ഭക്ഷണം വ്യായാമത്തിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് കഴിക്കണം.
ലിക്വിഡ് രൂപത്തിലുള്ള കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും അടങ്ങിയതാണ് സ്മൂത്തികൾ. ഇവ അടിച്ചെടുത്ത രൂപത്തിലായതുകൊണ്ട് വയറിന് ഇത് ദഹിപ്പിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. നല്ല ഫലം ലഭിക്കാൻ ജിമ്മിൽ കയറുന്നതിന് 30 മുതൽ 60 മിനിറ്റ് മുൻപ് സ്മൂത്തി കുടിക്കുക. ഇത് ശരീരം ലിക്വിഡ് ദഹിപ്പിച്ചു തുടങ്ങാൻ ആവശ്യമായ സമയം നൽകും.
ഗ്രീക്ക് യോഗർട്ടും പഴങ്ങളും ചേർത്തുള്ള കോമ്പിനേഷൻ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഒരേസമയം നൽകുന്നു. ഇത് ഊർജ്ജം നിലനിർത്താനും പേശികളുടെ ആരോഗ്യത്തിനും നല്ലതാണ്. വയറ്റിൽ ഇത് എളുപ്പം ദഹിക്കാൻ വേണ്ടി വ്യായാമം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് കഴിക്കുക.
ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര വർക്കൗട്ടിന് തൊട്ടുമുൻപ് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകും. യാത്രകളിലും മറ്റും എളുപ്പത്തിൽ കൂടെക്കരുതാനും കഴിക്കാനും പറ്റിയ ഒന്നാണിത്.
ഹോൾ ഗ്രെയിൻ ബ്രെഡിൽ കാർബോഹൈഡ്രേറ്റും, പീനട്ട് ബട്ടറിൽ നല്ല കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ചേരുമ്പോൾ വ്യായാമത്തിന് മുൻപ് കഴിക്കാൻ പറ്റിയ സമീകൃതമായ ഒരു ലഘുഭക്ഷണമായി ഇത് മാറുന്നു.




