Featured Good News

നാട്ടുകാരുടെ പ്രിയപ്പെട്ട തെരുവ്‌നായ ; ആദരമായി അവന്റെ പ്രതിമ സ്ഥാപിച്ച കേരളത്തിലെ ഈ ഗ്രാമം

ദിനംപ്രതി മൂന്ന് ലക്ഷത്തിലധികം പേര്‍ തെരുവ്‌നായയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നായിരുന്നു സുപ്രീംകോടതി നടത്തിയ വിലയിരുത്തല്‍. ഇവയെ പിടികൂടി സ്ഥിരമായി തടങ്കലില്‍ വെയ്ക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ പ്രതികരണത്തിലായിരുന്നു പരമോന്നത കോടതിയുടെ ഈ നിരീക്ഷണം വന്നത്. തെരുവ്‌നായ്ക്കള്‍ വലിയ വില്ലനായി മാറിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു തെരുവ് നായയ്ക്ക് അവിസ്മരണീയമായ ആദരവ് നല്‍കിയ ഒരു നാടുണ്ട് കേരളത്തില്‍.

മനുഷ്യരും വളര്‍ത്തുമൃഗങ്ങളും തമ്മില്‍ അനുകമ്പയുടെയും വിശ്വസ്തതയുടെയും സാമൂഹ്യബന്ധത്തിന്റെയും പ്രതീകമായി എറണാകുളത്തെ തൃപ്പൂണിത്തുറയിലെ എരൂരിലെ കോഴിവെട്ടുംവേലി. 14 വര്‍ഷം മുമ്പ് തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് പ്രദേശത്തിന്റെ ഇഷ്ടം നേടിയെടുത്ത എല്‍ദോ എന്ന തെരുവ് നായയുടെ ആദരസൂചകമായി പ്രദേശവാസികള്‍ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു.

സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയതെന്നും ഇതിന് മുഴുവന്‍ പ്രദേശവാസികളുടെയും പിന്തുണ ഉണ്ടായിരുന്നതായും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇടതുവശത്ത് ഒരു പൊള്ളലേറ്റ പാടുമായി എവിടെ നിന്നോ എത്തി നാട്ടുകാരുടെ പ്രിയപ്പെട്ടവനായി എല്‍ദോ മാറി. മാന്നാര്‍മത്തായി സ്പീക്കിംഗില്‍ ഹരിശ്രീ അശോകന്‍ ‘എടാ എല്‍ദോ നിന്നെയും സിനിമയില്‍ എടുത്തു!’ എന്ന് പറയുന്ന ഡയലോഗില്‍ നിന്നുമായിരുന്നു നായയ്ക്ക് എല്‍ദോ എന്ന പേര് വീണത്. കാലക്രമേണെ എല്‍ദോ ഹൃദയങ്ങള്‍ ഏറ്റുവാങ്ങി.

വിവാഹങ്ങള്‍, ഉത്സവങ്ങള്‍, ഗൃഹപ്രവേശം, സ്‌കൂള്‍ ഓട്ടങ്ങള്‍ എന്നിവയിലെല്ലാം എല്‍ദോ പങ്കാളിയായി. ഒരേസമയം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയും പ്രായമായവരോടൊപ്പം നടക്കുകയും ചെയ്തു. എല്‍ദോയെ ഒരു ദിവസം കാണാതായാല്‍ എല്ലാവരും കയ്യില്‍ ഭക്ഷണവും വെച്ച് അവനെ തിരയുമായിരുന്നു. സ്ഥലത്തെ ഒരു കടയിലെ പ്രിയപ്പെട്ട ഭക്ഷണത്തിന് വിളിപ്പേര് ‘എല്‍ദോ കേക്ക്’ എന്ന് വിളിപ്പേര് നല്‍കി.

എല്‍ദോ അന്തരിച്ചപ്പോള്‍ ദുഖിതരായ നാട്ടുകാര്‍ അവനെ അനശ്വരമാക്കാന്‍ തീരുമാനമെടുത്തതിന്റെ ഭാഗമായി കോഴിവെട്ടുംവേലി ജംഗ്ഷനില്‍ അവന്റെ ഒരു പ്രതിമ തന്നെ സ്ഥാപിച്ചിരിക്കുകയാണ്. സംസ്ഥാന, ദേശീയ അവാര്‍ഡ് ജേതാവായ ശില്‍പി ജയന്‍ വി കെയും അദ്ദേഹത്തിന്റെ അനന്തരവന്‍ നിബിന്‍ വി ജിയും ചേര്‍ന്നായിരുന്നു എല്‍ദോയുടെ ജീവന്‍ തുളുമ്പുന്ന പ്രതിമ നിര്‍മ്മിച്ചത്.