ഹരിദ്വാറിലെ സരായ് ഗ്രാമത്തിൽ ഒരു വീടിനുള്ളിലെ വാട്ടർ ടാങ്കിൽ നിന്നും 27 പാമ്പിൻ കുഞ്ഞുങ്ങളെ രക്ഷപെടുത്തി. ഈ സംഭവം വീട്ടുകാരിലും പ്രദേശവാസികളിലും വലിയ പരിഭ്രാന്തി പരത്തി. തുടർന്ന് വിവരമറിഞ്ഞ് വനംവകുപ്പിന്റെ രക്ഷാപ്രവർത്തകരായ താലിബും ഭോലയും സ്ഥലത്തെത്തി. ടാങ്കിൽ നിന്നും ഒന്നിനുപിറകെ ഒന്നായി പാമ്പിൻ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാമ്പുകൾക്കൊന്നും തന്നെ യാതൊരുവിധ പരിക്കുകളും ഏൽപ്പിക്കാതെ ഏറെ ജാഗ്രതയോടെയാണ് 27 പാമ്പിൻ കുഞ്ഞുങ്ങളെയും സംഘം ടാങ്കിൽ നിന്നും സുരക്ഷിതമായി പുറത്തെടുത്തത്. ഇവയെ മാറ്റിയതോടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായത്. എന്നാൽ ഇത്രയധികം പാമ്പിൻ കുഞ്ഞുങ്ങൾ എങ്ങനെയാണ് അടച്ചുപൂട്ടിയ വാട്ടർ ടാങ്കിനുള്ളിൽ എത്തിയത് എന്നത് ഇപ്പോഴും വ്യക്തമല്ല.
തണ്ണീർത്തടങ്ങളിലും കുളങ്ങളിലും പുഴകളിലുമൊക്കെ സാധാരണയായി കാണപ്പെടുന്ന ‘ചെക്കേർഡ് കീൽബാക്ക്’ (Checkered Keelback – നീർക്കോലി) വിഭാഗത്തിൽപ്പെട്ട പാമ്പുകളാണ് ഇവയെന്ന് രക്ഷാപ്രവർത്തകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഇവ വിഷമില്ലാത്ത ഇനമാണ്. ശരീരത്തിലെ ചതുരക്കട്ടകൾ പോലുള്ള പ്രത്യേക അടയാളം കൊണ്ടാണ് ഇവയെ തിരിച്ചറിയുന്നത്. തവളകളും മീനുകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ഭയപ്പെടുമ്പോൾ ഇവ ആക്രമണ സ്വഭാവം കാണിക്കാറുണ്ടെങ്കിലും മനുഷ്യർക്ക് ഇവ ദോഷകരമല്ല. ജലാശയങ്ങളിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ഈ പാമ്പുകൾ.




