മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ കല്യാണവീട്ടിൽ ട്രാൻസ്‌ജെൻഡർമാരുടെ (കിന്നർ) വേഷം ധരിച്ചെത്തി പണം ആവശ്യപ്പെട്ട യുവാക്കളെ നാട്ടുകാർ കൈയോടെ പിടികൂടി മർദ്ദിച്ചു. ചടങ്ങിൽ വഞ്ചന കാണിച്ച ഇവരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഛിന്ദ്വാര ജില്ലയിലെ പരാസിയ മേഖലയിലുള്ള ദർബായ് ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവാക്കളുടെ കള്ളത്തരം വെളിപ്പെട്ടതോടെ കല്യാണപ്പന്തലിൽ വലിയ രീതിയിലുള്ള ബഹളമാണുണ്ടായത്. അവിടെയുണ്ടായിരുന്ന സ്ത്രീകൾ ഇവരെ അടിക്കുകയും വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ചുറ്റും നിന്നവർ മൊബൈൽ ഫോണിൽ പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ഒരു വിവാഹ ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ഈ യുവാക്കൾ ‘നെഗ്’ എന്നറിയപ്പെടുന്ന പരമ്പരാഗത സമ്മാനമായി വലിയൊരു തുക ആവശ്യപ്പെട്ടു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പ്രദേശത്തെ യഥാർത്ഥ ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ അംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. അവർ വന്ന് തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോഴാണ് ട്രാൻസ്‌ജെൻഡർമാരുടെ വേഷത്തിൽ എത്തിയത് വെറും യുവാക്കളാണെന്ന് മനസ്സിലായത്.
ഈ ജില്ലയിൽ ഇത്തരമൊരു സംഭവം ആദ്യമായല്ല നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മുൻപും പല വിവാഹങ്ങളിലും ആഘോഷങ്ങളിലും ഇവർ ഇതേ രീതിയിൽ ട്രാൻസ്‌ജെൻഡർമാരുടെ വേഷം കെട്ടി കുടുംബങ്ങളിൽ നിന്ന് പണം തട്ടിയെടുത്തിരുന്നതായി പ്രദേശവാസികൾ വെളിപ്പെടുത്തി. സംഭവത്തിൽ ഇതുവരെ പൊലീസിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.




