ഫിലിപ്പീൻസിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഒരു പ്രൈമറി സ്കൂളിലുണ്ടായ ഭീതിജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ദാവോ ഒക്സിഡന്റലിലെ മലിതയിലുള്ള മഹായഹായ് എലിമെന്ററി സ്കൂളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ശക്തമായ ഭൂചലനത്തിനിടയിൽ പേടിച്ചരണ്ട വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്നതാണ് വീഡിയോയിലുള്ളത്. ഭൂമി കുലുങ്ങുമ്പോൾ കുട്ടികൾ നിലവിളിക്കുന്നതും കരയുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം അധ്യാപകർ കുട്ടികളെ ശാന്തരാക്കാനും കെട്ടിടങ്ങളിൽ നിന്ന് മാറ്റി തുറസ്സായ സ്ഥലത്തേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. സ്കൂൾ തുറന്ന ആദ്യ ദിനത്തിലാണ് ഈ സംഭവം നടന്നത്. ദുരന്തത്തിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ (NCS) കണക്കനുസരിച്ച്, ഇന്ത്യൻ സമയം പുലർച്ചെ 5:07 നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂമിക്കടിയിൽ 93 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിന് തൊട്ടുപിന്നാലെ, പുലർച്ചെ 5:18 ഓടെ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ മറ്റൊരു തുടർച്ചലനവും അനുഭവപ്പെട്ടു. ഇത് ദക്ഷിണ മിന്ദനാവോയിലെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി.
ഭൂകമ്പത്തിൽ 37 കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു, ഇതിൽ ഭൂരിഭാഗവും വാണിജ്യ കെട്ടിടങ്ങളാണ്. ഭൂചലനത്തെ തുടർന്ന് വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും സ്കൂളുകളിൽ നിന്നും ജനങ്ങൾ പരിഭ്രാന്തരായി പുറത്തേക്കോടി. കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ വിലയിരുത്താനും ജനങ്ങളെ സഹായിക്കാനുമായി അടിയന്തര രക്ഷാപ്രവർത്തകരെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ഭൂകമ്പത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സമുദ്രനിരപ്പിലുണ്ടാകുന്ന വ്യതിയാനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും, ആദ്യ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷവും ചെറിയ തോതിലുള്ള സുനാമി തിരമാലകൾ രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയുടെ കണക്കനുസരിച്ച് ഉച്ചയോടെ 138-ലധികം തുടർച്ചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ തീവ്രത 1.3 മുതൽ 6.7 വരെയായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തകരാറിലായ കെട്ടിടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.




