ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ശിക്ഷാകാലാവധി കഴിഞ്ഞും വര്‍ഷങ്ങളോളം ജയിലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്.
ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് ഏഴു വര്‍ഷമായിരുന്നു തടവുശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞും നാലു വര്‍ഷവും ഏഴു മാസവും ഇയാള്‍ ജയിലില്‍ കഴിയേണ്ടി വന്നതായി ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ജസ്റ്റിസ് കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്നു കോടതി പറഞ്ഞു. പ്രതി എട്ടു വര്‍ഷം അധികതടവ് അനുഭവിച്ചെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന് അയച്ച നോട്ടിസില്‍ സുപ്രീം കോടതി പറഞ്ഞിരുന്നത്. എന്നാല്‍, പ്രതി കുറച്ചുകാലം ജാമ്യത്തില്‍ പുറത്തായിരുന്നെന്നു സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. തുടര്‍ന്നു പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍, നിയമവിരുദ്ധമായ തടവിന്റെ അവസാന കാലയളവ് 4.7 വര്‍ഷമായി കണക്കാക്കി. 2004 ല്‍ മധ്യപ്രദേശിലെ ഒരു സെഷന്‍സ് കോടതി പ്രതിയെ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. 2007 ല്‍ മധ്യപ്രദേശ് ഹൈക്കോടതി അപ്പീല്‍ അനുവദിച്ച് ശിക്ഷ ഏഴ് വര്‍ഷമായി കുറച്ചു. എന്നിട്ടും പ്രതി 2025 ജൂണ്‍ വരെ ജയിലില്‍ തുടര്‍ന്നു.
സമാനരീതിയില്‍ കൂടുതല്‍ തടവുകാര്‍ അധികതടവ് അനുഭവിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ വിശദമായ പരിശോധന നടത്താനും സുപ്രീം കോടതി മധ്യപ്രദേശ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കു നിര്‍ദേശം നല്കി.




