Crime

3 കുട്ടികളുമായി വനത്തില്‍ 4വര്‍ഷമായി ഒളിവുജീവിതം; കവര്‍ച്ച നടത്താന്‍ ഇടയ്ക്ക് പുറത്തുവരും, ഒടുവില്‍ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി

മൂന്ന് കുട്ടികളുമായി ന്യൂസിലന്റിലെ വനത്തില്‍ നാലു വര്‍ഷമായി ഒളിവുജീവിതം നയിച്ച പിതാവിനെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. 2021-ന്റെ അവസാനം മുതല്‍ കുട്ടികളോടൊപ്പം അപ്രത്യക്ഷനായ ടോം ഫിലിപ്‌സ് എന്നയാള്‍ക്കായി രാജ്യവ്യാപകമായി തിരച്ചില്‍ നടന്നിട്ടും പോലീസിന് കണ്ടെത്താനായിരുന്നില്ല. നിരവധി തവണ അയാള്‍ പുറത്തുവന്നിട്ടും പിടികൂടാനായില്ല. ന്യൂസിലന്റിലെ ഏറ്റവും ദുരൂഹമായ കേസായിട്ടാണ് ടോം ഫിലിപ്സിന്റെ കഥ നിലനില്‍ക്കുന്നത്. എന്താനാണ് ഇയാള്‍ ഒളിവില്‍ പോകുന്നതെന്നോ കുട്ടികളെ എന്തിനാണ് ഒളിവ് ജീവിതത്തിനായി കാടിനുള്ളിലേക്ക് കൊണ്ടുപോകുന്നതെന്നോ ആര്‍ക്കുമറിയില്ല.

ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 2.30 യോടെയാണ് ഫിലിപ്‌സിനെ പോലീസ് വെടിവെച്ചത്. വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ന്യൂസിലന്‍ഡിലെ ഒരു ചെറിയ പട്ടണമായ പിയോപിയോയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ്, ഫിലിപ്സിനെയും അദ്ദേഹത്തിന്റെ ഒരു കുട്ടിയെയും ഒരു ക്വാഡ് ബൈക്കില്‍ സഞ്ചരിക്കുന്നത് കണ്ടിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടരുകയും റോഡില്‍ സ്പൈക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. ബൈക്ക് സ്പൈക്കുകളില്‍ തട്ടി റോഡില്‍ നിന്ന് തെന്നിമാറി അപകടമുണ്ടായി.

പോലീസ് വാഹനത്തിനടുത്തെത്തിയപ്പോള്‍ വെടിവയ്പ്പുണ്ടായെന്ന് ന്യൂസിലന്റ് പോലീസ് പറഞ്ഞു. സ്ഥലത്ത് എത്തിയ ആദ്യത്തെ ഉദ്യോഗസ്ഥന് തലയ്ക്കാണ് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. രണ്ടാമത്തെ പോലീസ് യൂണിറ്റ് ഫിലിപ്സിനെ പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഫിലിപ്‌സ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് കുട്ടികളെയും പിന്നീട് വനത്തിനുള്ളിലെ ഒരു വിദൂര ക്യാമ്പ് സൈറ്റില്‍ നിന്ന് കണ്ടെത്തി. മൂന്ന് കുട്ടികളും സുരക്ഷിതരാണെന്ന് റോജേഴ്‌സ് പറഞ്ഞു. ഫിലിപ്സിനൊപ്പം ഉണ്ടായിരുന്ന കുട്ടിയാണ് മറ്റുകുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി യത്.

അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഫിലിപ്‌സും കുട്ടികളും വൈകാറ്റോ മേഖലയിലെ ചെറിയ ഗ്രാമീണ പട്ടണമായ മരോകോപയിലാണ് താമസിച്ചിരുന്നത്. പരുക്കന്‍ തീരപ്രദേശങ്ങളും, ഇടതൂര്‍ന്ന കാടുകളും, കിലോമീറ്ററുകളോളം നീളുന്ന ഗുഹകളും നിറഞ്ഞതാണ് മരോകോപ. കാടിനെ അതിജീവിച്ച് കഴിയാനുള്ള കഴിവുകളുള്ളയാളാണ് ഫിലിപ്‌സ്, കാട്ടില്‍ അഭയം കണ്ടെത്താനും ഭക്ഷണം ശേഖരിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഫിലിപ്സിന് ഒരു കൂട്ടാളി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, നോര്‍ത്ത് ഐലന്‍ഡിലെ ഒരു ചെറിയ പട്ടണമായ തേ കുയിറ്റി യിലെ ബാങ്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഫിലിപ്സിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2023 മുതല്‍ ഹാര്‍ഡ്വെയര്‍, പലചരക്ക് കടകളില്‍ മോഷണം നടത്തുന്നതിനിടെ ഫിലിപ്സിനെയും കുട്ടികളെയും പലരും കണ്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍, ഒരു കൂട്ടം കൗമാരക്കാര്‍ ഇവര്‍ കാട്ടിലൂടെ സഞ്ചരിക്കു ന്നത് കണ്ട് ചിത്രീകരിച്ചിരുന്നു. ഈ വീഡിയോയില്‍, ഫിലിപ്സും കുട്ടികളും സൈനിക വസ്ത്രം ധരിച്ചാണ് സഞ്ചരിച്ചിരുന്നത്.