പഴങ്ങൾ കഴിക്കുന്നതിന് മുൻപ് അവയുടെ തൊലി കളയുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ചെയ്യുന്നതിലൂടെ പഴങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളാണ് നിങ്ങൾ പാഴാക്കുന്നത്. ആപ്പിൾ, നാരങ്ങ, മാമ്പഴം തുടങ്ങിയ പഴങ്ങളുടെ തൊലിയിൽ അവയുടെ ഉൾഭാഗത്തെക്കാൾ 15 ശതമാനത്തോളം കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പഴങ്ങളുടെ തൊലിയിൽ ധാരാളമായി നാരുകൾ , വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ വീക്കവും മറ്റ് അസുഖങ്ങളും തടയാൻ സഹായിക്കുന്ന പോളിഫെനോൾസ് പോലുള്ള ഘടകങ്ങളും തൊലിയിൽ സമൃദ്ധമാണ്.
തൊലിയോടെ കഴിക്കേണ്ട ചില പ്രധാന പഴങ്ങൾ ഇവയാണ്:
- ആപ്പിൾ: ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കുന്ന ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് ആപ്പിളിന്റെ തൊലിയിലാണ് കൂടുതലുള്ളത്.
- പേരയ്ക്ക: ഫ്രീ റാഡിക്കലുകളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പേരയ്ക്കയുടെ തൊലി സഹായിക്കുന്നു.
- മുന്തിരി: മുന്തിരിയുടെ തൊലിയിലുള്ള റെസ്‌വെരാട്രോൾ എന്ന ഘടകം പ്രായമാകൽ തടയാനും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.
- സബർജില്ലി : ഇതിലെ നാരുകളിൽ ഭൂരിഭാഗവും തൊലിയിലാണ് അടങ്ങിയിരിക്കുന്നത്.
പഴങ്ങൾ തൊലിയോടെ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കീടനാശിനികളുടെ അംശം നീക്കം ചെയ്യാൻ പഴങ്ങൾ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം. സാധിക്കുമെങ്കിൽ ഓർഗാനിക് പഴങ്ങൾ തിരഞ്ഞെടുക്കുക. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം തൊലി ഉൾപ്പെടെയുള്ളവ കഴിക്കുക.
അതേസമയം പൈനാപ്പിൾ, വാഴപ്പഴം തുടങ്ങിയവയുടെ തൊലികൾ ദഹിക്കാൻ പ്രയാസമായതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. അടുത്ത തവണ ഒരു പഴം കഴിക്കുമ്പോൾ അതിന്റെ തൊലി കളയുന്നതിന് മുൻപ് ചിന്തിക്കുക, നിങ്ങൾ ഒഴിവാക്കുന്നത് ആ പഴത്തിലെ ഏറ്റവും മികച്ച ആരോഗ്യഗുണങ്ങളായിരിക്കാം.




