നടി തന്നാസ് ഇറാനി തന്റെ ആദ്യ വിവാഹം, വിവാഹമോചനം, അത് തന്റെ മകളിൽ ഉണ്ടാക്കിയ ആഘാതം എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണിപ്പോള്‍. തന്നാസിനേക്കാൾ 18 വയസ്സ് കൂടുതലുള്ള ഒരു മുസ്ലിം വ്യക്തിയെയാണ് അവർ ആദ്യം വിവാഹം കഴിച്ചത്. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്നും തനിക്ക് വേണ്ട സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും തന്നാസ് ഓർക്കുന്നു.
എന്നാൽ 20-ാം വയസ്സിൽ വിവാഹിതയായ തനിക്ക് കൂടുതൽ ആഘോഷങ്ങള്‍ക്കും യാത്രകള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഭര്‍ത്താവുമായുള്ള മാനസികമായ ഈ പൊരുത്തക്കേടാണ് എട്ടു വർഷം നീണ്ട ആ ബന്ധം തകരാൻ കാരണമായത്.
വിവാഹമോചനം തന്റെ മകൾ സിയാനെയെ മാനസികമായി ഏറെ തളർത്തിയെന്ന് തന്നാസ് പറയുന്നു. അമ്മയെന്ന നിലയിൽ മകളുടെ സുരക്ഷിതബോധം തകർത്തു എന്ന കുറ്റബോധം തന്നെ വേട്ടയാടിയിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ മകൾ മറ്റുള്ളവരിൽ നിന്ന് ഉൾവലിഞ്ഞ് പെരുമാറാൻ തുടങ്ങി. താൻ ചെയ്ത തെറ്റുകൾക്ക് മകളോട് നിരന്തരം മാപ്പ് ചോദിച്ചാണ് ആ ബന്ധം അവർ വീണ്ടെടുത്തത്. മാതാപിതാക്കൾ ദൈവങ്ങളല്ലെന്നും അവർക്കും തെറ്റുകൾ സംഭവിക്കാമെന്നും തന്നാസ് പറയുന്നു. കുട്ടികൾ തിരികെ വരുമെന്ന് കാത്തുനിൽക്കാതെ മാതാപിതാക്കൾ അങ്ങോട്ട് ചെന്ന് അവരോട് സംസാരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
മുംബൈയില്‍ സ്വതന്ത്രമായ ചുറ്റുപാടിലാണ് താൻ വളർന്നത്. വീട്ടിലെ പുരുഷന്മാർ സ്ത്രീകളെ ബഹുമാനിക്കുന്നതും വീട്ടുജോലികളിൽ സഹായിക്കുന്നതും കണ്ടാണ് താൻ വളർന്നത്. അതുകൊണ്ട് തന്നെ ലോകം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞത് സിനിമാ മേഖലയിൽ എത്തിയപ്പോഴാണെന്നും അവർ പറഞ്ഞു. ആദ്യ ഭർത്താവ് ഫരീദ് കുറിമുമായുള്ള ബന്ധം 1993-ൽ അവസാനിച്ചു. പിന്നീട് 2007-ൽ നടൻ ഭക്തിയാർ ഇറാനിയെ വിവാഹം കഴിച്ച തന്നാസിന് ഇപ്പോൾ രണ്ട് മക്കൾ കൂടിയുണ്ട്.




