വുക്സിയിലെ ‘ടോക്കൺ സ്റ്റോൺ റോഡ്’ എന്ന് വിളിക്കപ്പെടുന്ന ലിങ്‌പായ്ഷി റോഡ്, ഡ്രൈവര്‍മാര്‍ക്ക് കണ്ണിമയ്ക്കാൻ പോലും സമ്മതിക്കാത്ത 18 ഹെയർപിൻ വളവുകളുള്ള അതീവ അപകടകരമായ ഒന്നാണ്. നദികൾക്ക് നടുവിലൂടെയുള്ള പാലങ്ങളും മലനിരകൾക്ക് മുകളിലൂടെയുള്ള ആകാശപാതകളും ഉൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ചൈനയ്ക്കുണ്ടെങ്കിലും, വെല്ലുവിളികളുടെ കാര്യത്തിൽ ഈ റോഡ് മുന്നിലാണ്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ വുക്സി കൗണ്ടിയിൽ രണ്ട് വലിയ മലയിടുക്കുകൾക്കിടയിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ഇത് ടിയാൻ പിങ് എന്ന ചെറിയ ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നു. വെറും 3.7 കിലോമീറ്റർ മാത്രം നീളമുള്ള ഈ പാതയിൽ സിഗ്‌സാഗ് ആകൃതിയിലുള്ള ഭാഗം കേവലം 453 മീറ്റർ മാത്രമാണ്. എന്നാൽ പരിചയസമ്പന്നരായ ഡ്രൈവർമാരെപ്പോലും വിയർപ്പിക്കാൻ ഈ ചെറിയ ദൂരം ധാരാളം.
2012-ൽ നിർമ്മിച്ച് 2019-ൽ ടാർ ചെയ്ത ഈ റോഡിലൂടെ അങ്ങേയറ്റം ജാഗ്രതയോടെ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ കഴിയൂ. റോഡിന്റെ വീതിക്കുറവ് കാരണം ഒരിക്കൽ പ്രവേശിച്ചാൽ വാഹനം തിരിക്കുക അസാധ്യമാണ്. കൂടാതെ, ചിലയിടങ്ങളിൽ ഇതിന്റെ കുത്തനെയുള്ള കയറ്റം 36% വരെയാണ്.
ഭാഗ്യവശാൽ, ഈ ഗ്രാമത്തിൽ വെറും 37 കുടുംബങ്ങളിലായി 137 പേർ മാത്രമാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ റോഡിൽ തിരക്ക് വളരെ കുറവാണ്. ഇത് ഡ്രൈവർമാർക്ക് അല്പം ആശ്വാസം നൽകുന്നു.
വലിയ ട്രക്കുകൾക്കും ബസ്സുകൾക്കും കാരവനുകൾക്കും ഈ റോഡിലൂടെ പ്രവേശനം അനുവദിക്കില്ല. ചെറിയ വാഹനങ്ങൾക്ക് പോലും വളവുകളിൽ പ്രത്യേകം തയ്യാറാക്കിയ ഇടങ്ങൾ ഉപയോഗിച്ച് മാത്രമേ തിരിക്കാൻ സാധിക്കൂ. അമിതമായ കുത്തനെയുള്ള കയറ്റം ഉള്ളതിനാൽ, ഈ പാതയിലൂടെ ഒന്നാം ഗിയറിൽ മാത്രമേ വാഹനം ഓടിക്കാവൂ എന്ന് കർശന നിർദ്ദേശമുണ്ട്.




