Featured Lifestyle

ആൻഡ്രോയിഡ് ഉപയോക്താക്കൾ ജാഗ്രതൈ! ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി, കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പ്

നിങ്ങൾ ഒരു ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നയാളാണെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സ്മാർട്ട്‌ഫോണുകളെ ബാധിക്കുന്ന അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയെക്കുറിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പ്രമുഖ ചിപ്‌സെറ്റ് നിർമ്മാതാക്കളായ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ പ്രോസസറുകളിൽ കണ്ടെത്തിയ തകരാറുകളാണ് ഈ ഭീഷണിക്ക് കാരണം.

പ്രീമിയം ഫോണുകൾ മുതൽ ബജറ്റ് ഫോണുകൾ വരെ ഉപയോഗിക്കുന്ന സ്നാപ്ഡ്രാഗൺ 8 സീരീസ്, 7 സീരീസ്, 6 സീരീസ്, 4 സീരീസ് തുടങ്ങി ഒട്ടുമിക്ക പ്രോസസറുകളെയും ഈ സുരക്ഷാ പിഴവ് ബാധിച്ചിട്ടുണ്ട്. ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിലേക്ക് വിദൂരത്തിരുന്ന് പ്രവേശിക്കാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും ആപ്പുകൾ തകരാറിലാക്കാനും ഈ പിഴവ് വഴി സാധിക്കുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഫോണിന്റെ സിസ്റ്റം നിയന്ത്രണം പൂർണ്ണമായും കൈക്കലാക്കാനും ഹാക്കർമാർക്ക് ഇതുവഴി കഴിഞ്ഞേക്കാം.

ഫോണുകൾക്ക് പുറമെ ടാബ്‌ലെറ്റുകൾ, വയർലെസ് ഉപകരണങ്ങൾ, ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് സ്മാർട്ട് ഉപകരണങ്ങൾ എന്നിവയെയും ഈ പ്രശ്നം ബാധിക്കാം. സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റ് ഉപയോഗിക്കുന്ന എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളും ജാഗ്രത പാലിക്കണമെന്ന് സെർട്ട്-ഇൻ നിർദ്ദേശിക്കുന്നു.

ഈ അപകടത്തിൽ നിന്ന് രക്ഷനേടാനായി ഫോൺ നിർമ്മാതാക്കൾ നൽകുന്ന ഏറ്റവും പുതിയ സെക്യൂരിറ്റി അപ്ഡേറ്റുകൾ എത്രയും വേഗം ഇൻസ്റ്റാൾ ചെയ്യുക. അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും ഫോൺ സെറ്റിങ്‌സിൽ പോയി സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ കൃത്യമായി പരിശോധിക്കണമെന്നും ഏജൻസി ആവശ്യപ്പെട്ടു. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *