Featured Spotlight

പാചകവാതകം ഇനി വിരൽത്തുമ്പിൽ; സ്വിഗ്ഗി വഴി മിനിറ്റുകൾക്കുള്ളിൽ സിലിണ്ടർ വീട്ടിലെത്തും

ന്യൂഡൽഹി∙ വീടുകളിലേക്ക് പാചകവാതക സിലിണ്ടറുകൾ എത്തിച്ചു നൽകുന്നതിനായി പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും ഹിന്ദുസ്ഥാൻ പെട്രോളിയവും (എച്ച്പിസിഎൽ) തമ്മിൽ കൈകോർക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ഇ-കൊമേഴ്സ് ആപ്പ് വഴി ഇത്തരമൊരു ഗ്യാസ് സിലിണ്ടർ ഡെലിവറി സേവനത്തിന് തുടക്കമിടുന്നത്.

ഇറാൻ–യുഎസ് തർക്കങ്ങളെ തുടർന്ന് പാചകവാതക വിതരണത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് പകരമായി, ഭാരം കുറഞ്ഞ 5 കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളാണ് ഈ ആപ്പിലൂടെ ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കുക.

ഈ സിലിണ്ടറുകൾ വാങ്ങാൻ ആളുകൾക്ക് നിലവിൽ എച്ച്പി ഗ്യാസ് കണക്ഷൻ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. ആദ്യ ഘട്ടത്തിൽ ബെംഗളൂരു നഗരത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഡെലിവറി സൗകര്യം ആരംഭിക്കുന്നത്. പിന്നീട് മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. എന്നാൽ സിലിണ്ടറുകളുടെ വില എത്രയായിരിക്കുമെന്ന് കമ്പനികൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *