ബെംഗളൂരു: 45-കാരനായ അനസ്തേഷ്യോളജിസ്റ്റിനെ ധാർവാഡിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിലും അദ്ദേഹത്തിന്റെ എട്ടു വയസ്സുള്ള മകനെ കുത്തേറ്റ നിലയിലും കണ്ടെത്തി. ചിരായുവ് ആശുപത്രിയിലെ ഡോക്ടറായ കിരൺ ഹൊനന്നാവർ ആണ് മരിച്ചത്. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് വൈകുന്നേരത്തോടെ ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഡോക്ടറെയും പരുക്കേറ്റ കുട്ടിയെയും കണ്ടത്.
ഡോക്ടർ വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നുമാണ് ഭാര്യ പ്രിയങ്ക ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. വിവരമറിഞ്ഞ് പൊലീസെത്തുമ്പോൾ ശ്വാസമുണ്ടായിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഡോക്ടറുടെ ഭാര്യക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഭാര്യ പ്രിയങ്ക നിലവിൽ കടുത്ത മാനസികാഘാതത്തിലാണെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മിഷണർ എൻ. ശശികുമാർ വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങളുള്ള ഫ്ലാറ്റായതിനാൽ പുറത്തുനിന്നുള്ളവർ വരാൻ സാധ്യതയില്ലെന്നും സംഭവസമയത്ത് ഇവർ മൂന്നുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. നേത്രരോഗ വിദഗ്ധയായ പ്രിയങ്കയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ മകൻ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.




