Crime

ചാരിത്ര്യത്തിലും കുട്ടികളുടെ പിതൃത്വത്തിലും സംശയം; മാപ്പ് ചോദിക്കാൻ കാലിൽ വീണു, പൊലീസുകാരിയെ കുത്തിക്കൊന്ന് ഭർത്താവ്

ബംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് മാറിത്താമസിക്കുകയായിരുന്ന വനിതാ ഹോംഗാർഡിനെ ഭർത്താവ് കുത്തിക്കൊന്നു. ബംഗളൂരു മഹാദേവപുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മഞ്ജുള (32) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. 15 വർഷം മുൻപ് വിവാഹിതരായ മഞ്ജുളയ്ക്കും പ്രദീപിനും രണ്ട് കുട്ടികളുണ്ട്.

പ്രദീപിന്റെ ഓൺലൈൻ വാതുവെപ്പ് ശീലമാണ് കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യയെ എപ്പോഴും സംശയിച്ചിരുന്ന ഇയാൾ മഞ്ജുളയുടെ സ്വഭാവത്തെയും കുട്ടികളുടെ പിതൃത്വത്തെയും ചോദ്യം ചെയ്തിരുന്നു. ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ഒന്നര മാസമായി മഞ്ജുള കുട്ടികളോടൊപ്പം സ്വന്തം അമ്മയുടെ വീട്ടിലായിരുന്നു താമസം.

കഴിഞ്ഞ ഞായറാഴ്ച മഞ്ജുള താമസിക്കുന്ന വീട്ടിലെത്തിയ പ്രദീപ് ജാക്കറ്റിൽ കത്തിയൊളിപ്പിച്ചിരുന്നു. തുടർന്ന് ഭാര്യയുടെ കാലിൽ വീണ് ക്ഷമാപണം നടത്തുകയും കൂടെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെട്ടെന്ന് പ്രകോപിതനായ ഇയാൾ അമ്മയുടെയും മക്കളുടെയും മുന്നിൽ വെച്ച് മഞ്ജുളയെ ഇരുപതിലധികം തവണ ക്രൂരമായി കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കൊലപാതകം നടത്തുന്നതിന് തൊട്ടുമുമ്പ് പ്രദീപ് ഒരു വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തിരുന്നു. തന്റെ വാതുവെപ്പ് ഭ്രമമാണ് കുടുംബം തകർത്തതെന്ന് ഇയാൾ അതിൽ സമ്മതിക്കുന്നുണ്ട്. “എനിക്ക് ഭാര്യയെ പിരിഞ്ഞ് ജീവിക്കാൻ കഴിയില്ല. ഞാൻ അവളുടെ അച്ഛനോടും അളിയനോടും സംസാരിച്ചിട്ടുണ്ട്. വൈകുന്നേരം ജോലി കഴിഞ്ഞെത്തുന്ന അവളോട് കൂടെ വരാൻ ഞാൻ വീണ്ടും ആവശ്യപ്പെടും. വരാൻ തയാറായില്ലെങ്കിൽ ഞാനവളെ അവിടെവെച്ച് കൊല്ലും” എന്നായിരുന്നു വീഡിയോയിലെ വാക്കുകൾ.

ഭാര്യയെ ആക്രമിച്ചതിന് ശേഷം ഇതേ കത്തി ഉപയോഗിച്ച് പ്രദീപ് കൈമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *