ലോകകപ്പ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ മുൻ ചാമ്പ്യന്മാരായ സ്‌പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർഡി ചരിത്രം കുറിച്ചു. ഗ്രൂപ്പ് എച്ചിൽ നടന്ന പോരാട്ടത്തിൽ 75 ശതമാനത്തോളം പന്തടക്കവും 27 ഗോളശ്രമങ്ങളുമായി സ്‌പെയിൻ നിറഞ്ഞു കളിച്ചെങ്കിലും ആദ്യ ലോകകപ്പ് കളിക്കുന്ന കേപ് വെർഡിയുടെ 40 വയസ്സുകാരനായ ഗോൾകീപ്പർ വോസിൻഹ തീർത്ത പ്രതിരോധം തകർക്കാൻ അവർക്കായില്ല. മികച്ച സേവുകളുമായി തിളങ്ങിയ വോസിൻഹ തന്നെയാണ് മത്സരത്തിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’. ആകെ ആറു ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള കേപ് വെർഡിക്ക് ആഹ്ലാദിക്കാൻ ഇതില്‍പ്പരം മറ്റെന്ത് വേണം.
ലോകകപ്പിൽ നിലവിലെ യൂറോ കപ്പ് ജേതാക്കളും ടൂർണമെന്റ് ഫേവറിറ്റുകളുമായ സ്‌പെയിനിനെ ഗോൾരഹിത സമനിലയിൽ പൂട്ടി ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയന്റ് നേടിയിരിക്കുകയാണ് കേപ് വെർഡി. ലോകകപ്പിൽ അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് വോസിന്യ മത്സരം ആരംഭിച്ചത്.
കേപ് വെർഡിയെ ഒരു സാധാരണ എതിരാളിയായി കണ്ട സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ, പ്രമുഖ താരങ്ങളായ ലമീൻ യമാലിനെയും നിക്കോ വില്യംസിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് സ്‌പെയിനിന്റെ ആക്രമണങ്ങളുടെ മൂർച്ച കുറച്ചു. മൈതാനത്ത് തുടർച്ചയായി പാസുകൾ നൽകിയെങ്കിലും കേപ് വെർഡിയുടെ അഞ്ചംഗ പ്രതിരോധ നിരയെ ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല.
ചെൽസിയിൽ നിന്നും റിയൽ മാഡ്രിഡിലേക്ക് മാറിയ മാർക്ക് കുക്കുറെല്ലയുടെ ലോങ് റേഞ്ച് ഷോട്ടുകളും മിഖേൽ ഒയാർസബാലിന്റെ നീക്കങ്ങളും കേപ് വെർഡി ബോക്‌സിനുള്ളിൽ വെച്ച് പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ഈ വെറ്ററൻ ഗോൾകീപ്പറുടെ മികച്ച പ്രകടനമാണ് കേപ് വെർഡിയെ കാത്തുസൂക്ഷിച്ചത്.
കളിയുടെ 36-ാം മിനിറ്റിൽ പെഡ്രിയുടെ തകർപ്പൻ ഷോട്ട് വോസിൻഹ തടഞ്ഞു. മൂന്ന് മിനിറ്റുകൾക്ക് ശേഷം ഫെറാൻ ടോറസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. റീബൗണ്ടിൽ നിന്നും ഒയാർസബാൽ ഉതിർത്ത ഹെഡർ അത്ഭുതകരമായി വോസിൻഹ ഒരു കൈകൊണ്ട് തട്ടിയകറ്റി. തൊട്ടുപിന്നാലെ അയ്‌മെറിക് ലപ്പോർട്ടെയുടെ ഹെഡറും വോസിൻഹ പറന്നു തടുത്തു.
രണ്ടാം പകുതിയിലും സ്‌പെയിനിന്റെ ഫിനിഷിങ് മോശമായിരുന്നു. ഫാബിയൻ റൂയിസ് ബോക്‌സിന് പുറത്തുനിന്ന് എടുത്ത ഷോട്ടുകൾ ലക്ഷ്യം കാണാതെ പുറത്തുപോയി. ഒടുവിൽ 70-ാം മിനിറ്റിൽ ഗാവിക്ക് പകരം ലമീൻ യമാലും ഫാബിയന് പകരം മൈക്കൽ മെറിനോയും കളത്തിലെത്തി. യമാലിന്റെ വേഗത കേപ് വെർഡി പ്രതിരോധത്തെ അല്പം സമ്മർദ്ദത്തിലാക്കി. 88-ാം മിനിറ്റിൽ യമാൽ നൽകിയ മനോഹരമായ പാസ് ഒയാർസബാൽ ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും പ്രതിരോധ നിര അത് ബ്ലോക്ക് ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു കോർണർ നേടിയ കേപ് വെർഡി കൗണ്ടർ അറ്റാക്കുകളിലൂടെ ഗോളിനടുത്തെത്തി സ്‌പെയിനെ ഞെട്ടിക്കുകയും ചെയ്തു.
വോസിന്യയുടെ മുഴുവൻ പേര് യോസിമാർ ജോസ് എവോറ ഡിയാസ് എന്നാണ്. കേപ് വെർദെയിലെ മിൻഡെലോയിൽ ജനിച്ച അദ്ദേഹം 2012-ലാണ് അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. ദേശീയ ടീമിനായി 81 മത്സരങ്ങൾ കളിച്ച വലിയ പരിചയസമ്പത്തുമായാണ് ഈ 40-കാരൻ ഇത്തവണ ലോകകപ്പിനെത്തിയത്. 2007-ൽ സ്വന്തം നാട്ടിലെ ബടുക് എഫ്‌സിയിലൂടെയാണ് വോസിന്യ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. പിന്നീട് അംഗോള, മോൾഡോവ, പോർച്ചുഗൽ, സൈപ്രസ്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു. നിലവിൽ പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷാവേസിന്റെ താരമാണ് വോസിന്യ. സ്‌പെയിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ, പെഡ്രിയുടെ കോർണറിൽ നിന്നും ഐമറിക് ലപോർട്ടെ തൊടുത്ത ഗോളെന്നുറച്ച ഷോട്ട് വോസിന്യ തട്ടിയകറ്റിയത് ഫുട്‌ബോൾ ലോകം അത്ഭുതത്തോടെയാണ് കണ്ടത്. മത്സരത്തിൽ സ്‌പെയിൻ ഗോൾ ലക്ഷ്യമാക്കി അടിച്ച എട്ട് ഷോട്ടുകളും വോസിന്യക്ക് മുന്നിൽ നിഷ്പ്രഭമാകുകയായിരുന്നു.




