തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ നടത്തിയ സമരത്തിനിടയിലേക്ക് കടന്നുചെന്ന് വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വയോധിക. ജനങ്ങളുടെ വഴിയടച്ച് എന്തിനാണ് സമരം ചെയ്യുന്നതെന്ന് സരസ്വതി അമ്മ എന്ന വൃദ്ധ ചോദിച്ചതോടെ സമരം പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു.
കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ഈ സമരം കാരണം വീട്ടിലേക്കുള്ള വഴി മുടങ്ങിയതോടെയാണ് വയോധിക പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രായമായവർക്കും സാധാരണക്കാർക്കും നടന്നുപോകേണ്ട വഴിയാണ് സമരക്കാർ അടച്ചതെന്ന് അവർ കുറ്റപ്പെടുത്തി. ഒടുവിൽ പാർട്ടി പ്രവർത്തകർ ഇവരെ ശാന്തയാക്കി അവിടെനിന്നും മാറ്റി. ഇതിന് പിന്നാലെ സമരം ഉദ്ഘാടനം കഴിഞ്ഞ് ഉടൻ തന്നെ അവസാനിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലറും ബിജെപി നേതാവുമായ ആർ. സുഗതനെ കാപ്പ ചുമത്തി നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ആകാശത്തേക്ക് വെടിയുതിർത്താണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. നിലവിൽ റിമാൻഡിലുള്ള സുഗതന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ വട്ടിയൂർക്കാവ് മണ്ണാറക്കോണം ജംഗ്ഷനിൽ നിന്നും വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മാർച്ച് പോലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോൾ സമയം അഞ്ചേകാൽ കഴിഞ്ഞിരുന്നു. ഇതിനിടയിൽ തിരക്കേറിയ വട്ടിയൂർക്കാവ് ജംഗ്ഷൻ പോലീസ് ബാരിക്കേഡുകൾ വെച്ച് അടച്ചതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മുപ്പതോളം കൗൺസിലർമാർ മുദ്രാവാക്യം വിളികളോടെ എത്തിയതിനു പിന്നാലെ പ്രതിഷേധ സമരങ്ങളിലെ പതിവു രീതിയായ പ്രസംഗങ്ങളും ആരംഭിച്ചു.
കരമന വാർഡ് കൗൺസിലറായ കരമന അജിത്ത് ആവേശത്തോടെ പ്രസംഗിക്കുന്നതിനിടയിലാണ് ഒരു വയോധിക സമരക്കാർക്കിടയിലേക്ക് നടന്നെത്തിയത്. മുന്നിൽ വന്നിട്ടും പ്രസംഗം നിർത്താതിരുന്ന അജിത്തിന്റെ കയ്യിൽ അവർ കയറിപ്പിടിച്ചു. സമരം കാരണം ഓട്ടോ ഡ്രൈവർ തന്നെ വഴിയിൽ ഇറക്കിവിട്ടതാണെന്നും ഇനിയെന്തു ചെയ്യുമെന്നും അവർ ചോദിച്ചു. മറുപടി നൽകാൻ കഴിയാതെ ബുദ്ധിമുട്ടിയ അജിത്ത്, ഇവരെ മാറ്റിനിർത്താൻ കൂടെയുള്ളവരോട് ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് കൗൺസിലർമാർ ഇവരെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല.
ചാനൽ ക്യാമറകൾ എല്ലാം ഒപ്പിയെടുക്കുന്നുണ്ടെന്ന് മനസ്സിലായതോടെ വനിതാ കൗൺസിലർമാർ രംഗത്തിറങ്ങി സ്നേഹത്തോടെ അവരെ അവിടെനിന്ന് മാറ്റാൻ ശ്രമിച്ചു. എന്നാൽ, എന്തിനാണ് ബഹളം വെക്കുന്നതെന്ന് ഒരു കൗൺസിലർ ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ ചോദിച്ചപ്പോൾ, വേണമെങ്കിൽ തന്നെ ബലം പ്രയോഗിച്ച് മാറ്റിക്കൊള്ളാൻ ആ അമ്മ ധൈര്യത്തോടെ പറഞ്ഞു. ഇതോടെ സമരക്കാർ ശാന്തരായി. മാധ്യമപ്രവർത്തകർ പേര് ചോദിച്ചപ്പോൾ സരസ്വതി അമ്മയെന്നവർ ഉറക്കെ മറുപടി നൽകി. വിശക്കുന്നുണ്ടെന്നും കയ്യിൽ 500 രൂപയുണ്ടെന്നും പറഞ്ഞ അവർ, വഴി ഇങ്ങനെ തടയുന്നത് ശരിയാണോ എന്നും ചോദിച്ചു.
ഇതോടെ കൗൺസിലർമാർ പ്രസംഗം അവസാനിപ്പിച്ച് ബാനറുകളെല്ലാം മടക്കി വേഗത്തിൽ സ്ഥലംവിട്ടു. പിന്നീട് ക്യാമറക്കണ്ണുകൾ മുഴുവൻ സരസ്വതി അമ്മയ്ക്ക് ചുറ്റുമായിരുന്നു. അതേസമയം, ബിജെപി കൗൺസിലർമാരുടെ ഈ സമരത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മുൻപ് ഇതേ പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത് അവർ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചത് അന്ന് സേനയ്ക്കുള്ളിൽ വലിയ ചർച്ചയായിരുന്നു.




