വിവാഹത്തിന്റെ തലേദിവസം വധു ഒളിച്ചോടിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ കല്യാണപ്പന്തലിൽ വൻ സംഘർഷം. മൂത്ത മകൾക്ക് പകരം ഇളയ മകളെക്കൊണ്ട് വരനെ വിവാഹം കഴിപ്പിക്കാൻ വധുവിന്റെ വീട്ടുകാർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. എന്നാൽ, അനുജത്തിയുടെ കാമുകൻ കല്യാണപ്പന്തലിൽ നേരിട്ടെത്തി തങ്ങൾ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതോടെ ഇരുപക്ഷവും തമ്മിൽ കൂട്ടത്തല്ലായി മാറുകയായിരുന്നു. ഒടുവിൽ വിവരമറിഞ്ഞ് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
ശനിയാഴ്ച നടക്കേണ്ടിയിരുന്ന നിക്കാഹിനായി വധുവിന്റെ വീട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്ന യുവതി, വെള്ളിയാഴ്ച രാത്രി വീട്ടിലുണ്ടായിരുന്ന പണവും സ്വർണവുമായി ഒളിച്ചോടുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഈ വിവരം വീട്ടുകാർ അറിയുന്നത്. നാണക്കേട് ഒഴിവാക്കാനും നിശ്ചയിച്ച കല്യാണം മുടങ്ങാതിരിക്കാനുമായിരുന്നു വധുവിന്റെ അനുജത്തിയെ വിവാഹം കഴിപ്പിച്ചു നൽകാമെന്ന് വീട്ടുകാർ തീരുമാനിച്ചത്.
ആദ്യം മടിച്ചെങ്കിലും വധുവിന്റെ അനുജത്തിയെ വിവാഹം കഴിക്കാൻ വരനും വീട്ടുകാരും ഒടുവിൽ സമ്മതിച്ചു. എന്നാൽ ചടങ്ങുകൾ തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് തനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ലെന്നും മറ്റൊരു പ്രണയമുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ കാമുകൻ പന്തലിലേക്ക് കടന്നുവരികയും തങ്ങൾ തമ്മിൽ നാളുകളായി സ്നേഹത്തിലാണെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് പിന്നീട് വടികളും കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള വലിയ അടിപിടിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘർഷത്തിൽ വധുവിന്റെ ബന്ധുക്കൾക്ക് പരിക്കേൽക്കുകയും ഒടുവിൽ പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്തു.




