Featured Sports

ബ്രസീല്‍ 3 ഗോളടിച്ചാൽ മഞ്ഞൾപ്പൊടിക്ക് 3 ശതമാനം വിലക്കുറവ്, അർജന്റീനയ്ക്ക് പാസയം മിക്സ്, ജർമ്മനിക്ക് അപ്പംപൊടി, ഓഫറുമായി സപ്ലൈകോ

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പ്രമാണിച്ച് കസ്റ്റമേഴ്‌സിനും ഫുട്ബോൾ പ്രേമികൾക്കുമായി ‘സപ്ലൈകോ സോക്കര്‍ ഇലവന്‍’ എന്ന പേരിൽ പുതിയ ഓഫർ പദ്ധതിയുമായി സപ്ലൈകോ . ഈ മാസം 15-ന് തുടങ്ങുന്ന പദ്ധതിയിലൂടെ, ലോകകപ്പിൽ കളിക്കുന്ന പ്രധാനപ്പെട്ട 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധിപ്പിച്ച് മികച്ച വിലക്കുറവാണ് നൽകുന്നത്.

ഇതിൽ ഓരോ കളിയിലും ഒരു ടീം അടിക്കുന്ന ഗോളുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശതമാനമായിരിക്കും ആ ടീമിന്റെ ശബരി ഉൽപ്പന്നത്തിന് ഡിസ്‌കൗണ്ടായി ലഭിക്കുക. ഉദാഹരണത്തിന്, ഒരു കളിയിൽ ബ്രസീൽ 3 ഗോളുകൾ അടിച്ചാൽ, അവരുടെ അടുത്ത കളി തുടങ്ങുന്നതുവരെ ശബരി മഞ്ഞൾപ്പൊടിക്ക് 3% വിലക്കുറവ് കിട്ടും. എന്നാൽ ഷൂട്ടൗട്ടിലെ ഗോളുകൾ ഇതിനായി കൂട്ടുകയില്ല. ഓരോ ടീമിന്റെയും ഈ ഓഫർ നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം തുടങ്ങുന്നത് വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

അടുത്ത കളി കഴിയുമ്പോൾ അതിൽ നേടുന്ന ഗോളുകളുടെ അടിസ്ഥാനത്തിൽ ഈ വിലക്കിഴിവ് പുതുക്കും. ഏതെങ്കിലും ഒരു ടീം ലോകകപ്പിൽ നിന്ന് പുറത്തായാൽ ആ ടീമിന്റെ ഉൽപ്പന്നത്തിനുള്ള ഓഫറും അതോടെ തീരും. ബ്രസീൽ, ജർമ്മനി, നെതർലാൻഡ്‌സ്, സ്‌പെയിൻ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, മൊറോക്കോ എന്നീ 11 ടീമുകളാണ് സപ്ലൈകോയുടെ ഈ പദ്ധതിയിലുള്ളത്.

ടീമുകളും അവയുമായി ബന്ധിപ്പിച്ച ശബരി ഉൽപ്പന്നങ്ങളും താഴെ പറയുന്നവയാണ്:

ബ്രസീലിന് ശബരി മഞ്ഞൾപ്പൊടിയും, ജർമ്മനിക്ക് ശബരി അപ്പംപൊടിയും, നെതർലാൻഡ്സിന് ശബരി സാമ്പാർപ്പൊടിയും, സ്‌പെയിനിന് ശബരി പുട്ടുപൊടിയുമാണ് നിശ്ചയിച്ചിട്ടുള്ളത്. അർജന്റീനയ്ക്ക് ശബരി പായസം മിക്‌സും, ബെൽജിയത്തിന് ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീയും, പോർച്ചുഗലിന് ശബരി മുളകുപൊടിയും, ക്രൊയേഷ്യയ്ക്ക് ശബരി വെളിച്ചെണ്ണയും ലഭിക്കും. ഇംഗ്ലണ്ടിന് ശബരി ഉപ്പും, മൊറോക്കോയ്ക്ക് ശബരി ഹോട്ടൽ ബ്ലെൻഡ് ടീയും, ഫ്രാൻസിന് ശബരി ഗോൾഡ് ടീയും ആണ് നൽകിയിരിക്കുന്നത്.

ഈ പദ്ധതിയുടെ മറ്റൊരു വലിയ പ്രത്യേകത, ഈ 11 ടീമുകളിൽ ഏതെങ്കിലും ഒരു ടീം ലോകകപ്പ് കപ്പ് അടിച്ചാൽ ആ ടീമിന്റെ ശബരി ഉൽപ്പന്നത്തിന് ഉപഭോക്താക്കൾക്ക് വലിയ രീതിയിലുള്ള പ്രത്യേക അധിക വിലക്കുറവ് നൽകും എന്നതാണ്. ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ നിത്യജീവിതവുമായി ചേർത്തുനിർത്തുന്ന ഈ ഓഫർ, ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സന്തോഷം നൽകുന്ന ഒന്നായിരിക്കുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ പറഞ്ഞു. സപ്ലൈകോ കടകളിൽ ഇപ്പോൾ തന്നെയുള്ള വിലക്കുറവിന് പുറമെയായിരിക്കും ഈ പുതിയ ഡിസ്‌കൗണ്ട് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *