Crime

‘ഒരു കുട്ടിക്ക് ടാർഗറ്റ് 1500 രൂപ, കുറഞ്ഞാല്‍ ക്രൂരമര്‍ദ്ദനം’ ഭിക്ഷാടന മാഫിയയിൽ നിന്നും രക്ഷപ്പെട്ട 14-കാരന്റെ ഞെട്ടിക്കുന്ന മൊഴി, ഹരിപ്പാട് മാത്രം സംഘത്തിന്റെ കീഴിൽ ഇരുപതോളം കുട്ടികള്‍ ?

ഹരിപ്പാട്: തമിഴ്‌നാട്ടിൽ നിന്നുള്ള കുട്ടികളെ ഭിക്ഷാടനത്തിന് ഹരിപ്പാട്ട് എത്തിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ അവരുടെ പിതൃസഹോദരൻ പിടിയിലായി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി കാമരാജ് നഗർ സ്വദേശിയായ അന്തോണി (31) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ഫലം കണ്ടത്. വിശദമായ ചോദ്യംചെയ്യലിലൂടെ ഭിക്ഷാടന മാഫിയയ്‌ക്കെതിരെ നടപടി കടുപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

അന്തോണി തന്റെ സ്വന്തം സഹോദരന്റെ മക്കളായ 14-ഉം 11-ഉം വയസുള്ള കുട്ടികളെ തൂത്തുക്കുടിയിൽ നിന്ന് ഹരിപ്പാട്ടേക്ക് കൊണ്ടുവന്ന് ഭിക്ഷാടനം നടത്തിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. താൻ ആവശ്യപ്പെടുന്ന അത്രയും പണം ഭിക്ഷയെടുത്തു നൽകിയില്ലെങ്കിൽ ഇയാൾ കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇവർക്ക് കൃത്യമായി ആഹാരം പോലും നൽകിയിരുന്നില്ല.

പീഡനം സഹിക്കാൻ വയ്യാതെ മൂത്ത കുട്ടി ഇവരുടെ അടുത്തുനിന്ന് ഓടിപ്പോയി ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെയുണ്ടായിരുന്ന നാട്ടുകാരും ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോഷിനും ചേർന്ന് കുട്ടിയെ സുരക്ഷിതമായി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരം കുട്ടിയെ താൽക്കാലികമായി ബാലഭവനിലേക്ക് മാറ്റി പാർപ്പിച്ചു.

വിവരമറിഞ്ഞ അന്തോണി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സംഭവസ്ഥലത്തുനിന്ന് ഒളിവിൽ പോയി. എന്നാൽ ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് കൂടെയുള്ളവരിൽ നിന്ന് ചോദിച്ചറിഞ്ഞ പോലീസ് മാന്നാറിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. പിടികൂടുമ്പോൾ ഇളയ കുട്ടിയും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. അന്തോണിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് (ജെ.ജെ ആക്ട്) അനുസരിച്ച് കേസെടുത്തതായി പോലീസ് അറിയിച്ചു.

പുറത്തുവന്നിരിക്കുന്നത് വളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണെന്ന് സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ ഗീത മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായ കുട്ടിയുടെ മൊഴി ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് കുട്ടികളെ ഇത്തരത്തിൽ ഭിക്ഷാടനത്തിനായി കേരളത്തിലേക്ക് എത്തിക്കുന്നത്. ഹോസ്റ്റൽ സൗകര്യത്തോടെയുള്ള ജോലിയോ അല്ലെങ്കിൽ നല്ല വിദ്യാഭ്യാസമോ നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ഇവരെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഈ സംഘത്തിന്റെ കീഴിൽ ഇരുപതോളം കുട്ടികളുണ്ടെന്നാണ് വിവരം. ഇതൊരു വലിയ സംസ്ഥാന വ്യാപക റാക്കറ്റാണെന്ന് കുട്ടിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

പ്രധാനമായും ബാങ്കുകൾക്കും വലിയ ഹോട്ടലുകൾക്കും മുന്നിൽ നിർത്തിയാണ് ഇവരെക്കൊണ്ട് ഭിക്ഷാടനം നടത്തിക്കുന്നത്. ഈ പതിനാലുകാരൻ ഒരു മാസം മുൻപാണ് തൂത്തുക്കുടിയിലെ അനാഥാലയം വഴി കേരളത്തിൽ എത്തിയത്. കുട്ടിക്കൊപ്പം സ്വന്തം അനുജനെയും ഇവർ കൊണ്ടുവന്നിട്ടുണ്ട്. ഇവരെ രണ്ടുപേരെയും ചെറിയച്ഛനായ അന്തോണിയാണ് ഹരിപ്പാട്ടേക്ക് കൂട്ടിക്കൊണ്ടുവന്നത്. പ്രതീക്ഷിച്ച അത്രയും പണം കിട്ടിയില്ലെങ്കിൽ ക്രൂരമായ മർദ്ദനമാണ് നേരിടേണ്ടി വരാറുള്ളതെന്ന് കുട്ടി പറഞ്ഞു.

ഒരു ദിവസം ഒരാൾക്ക് 1500 രൂപയാണ് ടാർഗറ്റ് നൽകിയിരിക്കുന്നത്. ആയിരം രൂപയിൽ താഴെയാണ് ലഭിക്കുന്നതെങ്കിൽ കുട്ടികളുടെ തലയ്ക്ക് പുറകിലായി ക്രൂരമായി തല്ലും. ഈ പീഡനം സഹിക്കാനാകാതെയാണ് പതിനാലുകാരൻ രക്ഷപെട്ട് ഓടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോഷിന്റെ സഹായത്തോടെ കുട്ടിയെ സി.ഡബ്ല്യു.സിക്ക് മുന്നിൽ എത്തിക്കുകയായിരുന്നു. നിലവിൽ മൊഴി എടുത്ത ശേഷം കുട്ടിയെ തൃശ്ശൂരിലെ ബാലഭവനിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഈ ഭിക്ഷാടന മാഫിയ സംഘം ഇപ്പോൾ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *