Featured Spotlight

‘അന്ന് എന്റെ പേര് വെട്ടി, കെ.സി. KSU പ്രസിഡന്റായി, ആ ഓര്‍മ ഒരിക്കലും ഞാന്‍ മറക്കുകില്ല; ചര്‍ച്ചയായി വി.ഡി സതീശന്റെ ഓര്‍മ്മക്കുറിപ്പ്

വി.ഡി. സതീശൻ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന്റെ ആവേശത്തിലാണ് യുഡിഎഫ് പ്രവർത്തകർ. വലിയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് സതീശൻ ഈ പദവിയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തുണ്ടായിരുന്നെങ്കിലും, കേരളത്തിലെ ജനവികാരം കൂടി കണക്കിലെടുത്താണ് കോൺഗ്രസ് ഹൈക്കമാൻഡ് സതീശനെ തന്നെ ഈ ദൗത്യം ഏൽപ്പിച്ചത്. സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു വിജയമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.

വർഷങ്ങൾക്ക് മുൻപ് കെഎസ്‌യു പ്രവർത്തന കാലത്ത് വി.ഡി. സതീശന് ലഭിക്കേണ്ടിയിരുന്ന പ്രസിഡന്റ് സ്ഥാനം അവസാന നിമിഷം കെ.സി. വേണുഗോപാലിന് ലഭിച്ച ഒരു സംഭവം ഉണ്ടായിരുന്നു. ടോണി ചിറ്റേട്ടുകുളം തയാറാക്കിയ ‘നേരനുഭവങ്ങൾ, വി.ഡി. സതീശന്റെ ജീവിതവും രാഷ്ട്രീയവും’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിൽ ഈ കാര്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അന്ന് നഷ്ടമായ പദവിക്ക് പകരം, ഇന്ന് വേണുഗോപാലിനെ തന്നെ മറികടന്ന് സതീശൻ മുഖ്യമന്ത്രി പദത്തിലെത്തിയപ്പോൾ പഴയ ആ കെഎസ്‌യു കാലത്തെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പ്രവർത്തകർ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

പുസ്തകത്തിലെ ഭാഗം ഇങ്ങനെ… മാറിപ്പോകുന്ന കെഎസ്‌യു പ്രസിഡന്റ് സ്ഥാനം ‘ഞാന്‍ മഹാത്മാഗാന്ധി സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായതിനുശേഷം കെഎസ്‌യുവില്‍ ഒരു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നതോര്‍ക്കുന്നു. വര്‍ഷം 1989 ആണെന്നാണ് എന്റെ ഓര്‍മ. ആദ്യം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ ഞാനായിരുന്നു. കെഎസ്‌യു പ്രസിഡന്റ് സ്ഥാനാര്‍ഥി. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാല്‍, ആ വര്‍ഷം തെരഞ്ഞെടുപ്പു നടന്നില്ല. എന്റെ ദൗര്‍ഭാഗ്യം എന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നെ, കെ.സി വേണുഗോപാല്‍ വിദ്യാര്‍ഥിയായി തിരുവനന്തപുരത്തേക്കു വന്നു. അദ്ദേഹം എന്നെക്കാള്‍ സീനിയറായിരുന്നു. മാത്രമല്ല, മുന്‍പ് കെഎസ്‌യു വൈസ് പ്രസിഡന്റും ആയിരുന്നു. ശരത്ചന്ദ്രപ്രസാദിന്റെയൊക്കെ കമ്മിറ്റിയില്‍.


പിന്നീടുള്ള സമയം കെഎസ്‌യു തെരഞ്ഞെടുപ്പു വന്നപ്പോള്‍ ഞാനില്ല…! കെ.സി വേണുഗോപാല്‍ കെഎസ്‌യുവിന്റെ പ്രസിഡന്റ് ആയി. മുതിര്‍ന്ന നേതാക്കളൊക്കെ എന്നോടു പറഞ്ഞത്, കമ്മിറ്റിയില്‍ ഭാരവാഹിയായിരിക്ക്, അടുത്ത അവസരത്തില്‍ ആകാമെന്നാണ്…! സമാശ്വസിപ്പിക്കാനുള്ള ഒരു വാചകമായി മാത്രമേ അന്ന് ആ സംസാരത്തെ എനിക്കു കണക്കാക്കാന്‍ കഴിയുമായിരുന്നുള്ളൂ. അന്നത്തെ ആദ്യത്തെ ഓര്‍ഗനൈസിങ് കമ്മിറ്റിയില്‍ ഞാനുണ്ടായിരുന്നു. യഥാര്‍ഥത്തില്‍, ആറുമാസം ഭാരവാഹി ലിസ്റ്റില്‍ ഞാനുണ്ടായിരുന്നു. ഞാനും ഭാരവാഹിയാകും എന്നുതന്നെയായിരുന്നു മൊത്തത്തിലുണ്ടായ പ്രചാരണം. എന്നാല്‍, അവസാനത്തെ പ്രഖ്യാപനം വന്നപ്പോള്‍ ഞാന്‍ ഞെട്ടി. എന്റെ പേര് വെട്ടിമാറ്റിയിരിക്കുന്നു…! സംഘടനയ്ക്കകത്തുണ്ടായ ചര്‍ച്ചകളായിരിക്കാം കാരണം. എന്തായാലും, അതേപ്പറ്റി പരിതപിക്കുകയല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനുണ്ടായിരുന്നില്ല. പിന്നെ എന്നെ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആക്കി. അത് എനിക്ക് വല്ലാത്ത വിഷമം സമ്മാനിച്ച ഒന്നായിരുന്നു. ആ ഓര്‍മ ഒരിക്കലും ഞാന്‍ മറക്കുകയുമില്ല.