Spotlight

പിണറായി പോകുന്നതിന് മുമ്പ്‌ SN. ട്രസ്‌റ്റിന്‌ അനുവദിച്ചത് 85 കോളജധ്യാപക തസ്‌തികകള്‍; ചട്ടവിരുദ്ധമെന്നു പരാതി, ഖജനാവിന്‌ 15 കോടി രൂപയുടെ അധികച്ചെലവ്‌

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് എസ്.എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്കായി 85 അധ്യാപക തസ്തികകൾ അനുവദിച്ചതിലൂടെ സംസ്ഥാന ഖജനാവിന് 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്നും, ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് നൽകിയ ഈ തസ്തികകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം.

കോളേജ് അധ്യാപക തസ്തികകൾ അനുവദിക്കുമ്പോൾ തൊട്ടുമുമ്പത്തെ അധ്യയന വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണവും ജോലിഭാരവും മാനദണ്ഡമാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ, എസ്.എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്ക് മാത്രമായി 85 തസ്തികകൾ അനുവദിച്ചത് 2022-ലെ വിദ്യാർത്ഥികളുടെ എണ്ണവും ജോലിഭാരവും അടിസ്ഥാനമാക്കിയാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ നിവേദനത്തിൽ വ്യക്തമാക്കുന്നു.

മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് അദാലത്ത് നടത്തിയാണ് ചട്ടവിരുദ്ധമായി ഇത്തരം തസ്തികകൾ സൃഷ്ടിക്കാൻ അനുമതി നൽകിയത്. 2022-ന് ശേഷം സംസ്ഥാനത്തെ ഭൂരിഭാഗം കോളേജുകളിലും വിദ്യാർത്ഥി പ്രവേശനത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പല കോളേജുകളിലെയും വിവിധ കോഴ്സുകളിൽ നിലവിൽ മതിയായ വിദ്യാർത്ഥികൾ പോലുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ 85 അധിക അധ്യാപക തസ്തികകൾ അനുവദിച്ചത് അതീവ ഗുരുതരമായ ക്രമക്കേടാണെന്നും, മുൻ എൽ.ഡി.എഫ്. സർക്കാർ പുറപ്പെടുവിച്ച ഈ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു.