Featured Good News

വീട്ടിൽ പാമ്പുകയറിയാൽ അ​പ്പോള്‍ സൈറൺ മുഴങ്ങും! നവീന സ്നേക്ക് ക്യാച്ചിങ് ഡിവൈസ് ഉപകരണവുമായി ഋഷികേശ്

മാരാരിക്കുളം: ചൂട് വര്‍ധിച്ചതോടെ പാമ്പുകള്‍ വീടുകളില്‍ കയറുന്നത് കുട്ടികള്‍ ഉള്‍പ്പെടെ വലിയ വര്‍ക്കും ഭയമാണ്. പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറാന്‍ സാധ്യമാകുന്ന വിധത്തില്‍ വയര്‍ലെസ് സ്‌നേക്ക് ക്യാച്ചിങ് ഡിവൈസ് എന്ന് പേരിട്ടിരിക്കുന്ന നവീന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് അലപ്പുഴ മുഹമ്മ സ്വദേശി ഋഷികേശ്. ഈ ഉപകരണത്തിലെ പൈപ്പിനുള്ളിലേയ്ക്ക് പാമ്പ് കയറുന്ന അതേസമയത്ത് തന്നെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന റിസീവറില്‍ സൈറണ്‍ പ്രവര്‍ത്തിച്ച് അറിയിപ്പ് നല്‍കും.

പൈപ്പിന്റെ മറ്റേ അറ്റത്തുള്ള ഭാഗത്ത് കറുത്ത തുണികൊണ്ടുള്ള ഒരു മീറ്റര്‍ നീളമുള്ള ഒരു സഞ്ചിയും ഉണ്ടാവും. ഈ സഞ്ചിയിലേക്ക് കയറുന്ന പാമ്പിനെ സാധാരണ റെസ്‌ക്യൂവര്‍മാര്‍ ചെയ്യുന്നപോലെ സുരക്ഷിതമായി ലോക്ക് ചെയ്ത് വനംവകുപ്പിന് കൈമാറുവാന്‍ സാധിക്കുമെന്ന് ഋഷി കേശ് പറയുന്നു. പൈപ്പിനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച രണ്ടു സെന്‍സറുകള്‍ ഉള്ളതിനാല്‍ പാമ്പ് കയറിയെങ്കില്‍ മാത്രമേ സൈറണ്‍ പ്രവര്‍ത്തിക്കുകയുള്ളൂ. എലിയോ തവളയോ കയറിയാല്‍ സിസ്റ്റം പ്രവര്‍ത്തിക്കുകയില്ല എന്ന പ്രത്യേകതയുമുണ്ട് ഉപകരണത്തിന് രണ്ട് ഭാഗങ്ങള്‍ ആണുള്ളത്.
ഒരു ട്രാന്‍സ്മിറ്റര്‍ സെക്ഷനും ഒരു റിസീവര്‍ സെക്ഷനും. 12 വോള്‍ട്ടിന്റെ ചെറിയ ആല്‍ക്കലൈന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്മിറ്റര്‍ സെക്ഷന്‍, പാമ്പ് പൈപ്പിനുള്ളില്‍ കയറിയാല്‍ ഉടന്‍തന്നെ സെന്‍സറില്‍നിന്നും സിഗ്‌നല്‍ കിട്ടുന്നതിനാല്‍ ഉടന്‍തന്നെ ശക്തിയേറിയ റേഡിയോ സിഗ്‌നലുകളെ അന്തരീക്ഷത്തിലേക്ക് അയയ്ക്കുന്നു. ഈ സിഗ്‌നലുകള്‍ മുന്നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന റിസീവറില്‍ എത്തിച്ചേരുകയും ഉച്ചത്തിലുള്ള സൈറണ്‍ മുഴങ്ങുകയും ചെയ്യും. പാമ്പ് കയറിയെങ്കില്‍ മാത്രമേ ബാറ്ററിയില്‍ നിന്നും ഡിവൈസ് വൈദ്യുതി എടുക്കൂ. നാലുവര്‍ഷം വരെ ട്രാന്‍സ് മിറ്ററിലെ ബാറ്ററി മാറിയിടേണ്ടിവരുന്നില്ല. വീടിന്റെ പുറത്ത് ഭിത്തിയോട് ചേര്‍ന്നോ പാമ്പുകള്‍ കാണപ്പെട്ടു എന്നു പറയുന്ന പ്രദേശങ്ങളിലോ ആണ് പൈപ്പ് ഉള്‍പ്പെടുന്ന ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കേണ്ടത്.
രാഷ്ട്രപതിയില്‍നിന്നും അവാര്‍ഡ് വാങ്ങിയിട്ടുള്ള ഋഷികേശ് നെഹ്‌റുട്രോഫി വള്ളംകളിയില്‍ സ്റ്റാര്‍ട്ടിങ് അപാകതകള്‍ പരിഹരി ക്കുവാനുള്ള ഉപകരണമുള്‍പ്പടെ നിരവധി കണ്ടുപിടിത്തങ്ങളുടെ ഉടമയാണ്.