ബെംഗളൂരുവിലെ ചന്നമനക്കരെയിൽ ബിസിനസ് അഭിവൃദ്ധിക്കായി പൂജ നടത്താനെത്തിയ യുവതിയെ പീഡിപ്പിച്ച ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. കുടുംബത്തിനെതിരെ ദുർമന്ത്രവാദം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക പീഡനം. 38 വയസ്സുകാരനായ മോഹൻകുമാർ എന്നയാൾക്കെതിരെയാണ് 34-കാരിയായ യുവതി പരാതി നൽകിയത്.
ബ്യൂട്ടീഷ്യൻ അക്കാദമി നടത്തുന്ന യുവതിയെ തന്റെ സഹോദരിക്ക് അഡ്മിഷൻ എടുക്കാനെന്ന വ്യാജേന എത്തിയാണ് മോഹൻകുമാർ പരിചയപ്പെട്ടത്. പിന്നീട് ഇവരുടെ ബിസിനസ് മെച്ചപ്പെടുത്താൻ പ്രത്യേക പൂജകൾ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ യുവതിയുമായി സൗഹൃദത്തിലായി.
പൂജയ്ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ, ചടങ്ങുകളുടെ ഭാഗമാണെന്ന് പറഞ്ഞ് ഭർത്താവിനെയും മകനെയും വീടിന് പുറത്തേക്ക് അയച്ചു. അടുത്തുള്ള മരത്തിന് ചുറ്റും ഒരു മണിക്കൂർ വലം വെയ്ക്കാൻ അവരോട് നിർദേശിച്ച ശേഷം, വീട്ടിൽ തനിച്ചായ യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതി എതിർത്തപ്പോൾ കുടുംബത്തെ മന്ത്രവാദം വഴി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. മാനസിക വിഷമം മൂലം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.




