ഹൈദരാബാദ് ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനെ (62) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിരമിച്ച ആന്ധ്ര കേഡർ ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ റേ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഈ ദാരുണമായ സംഭവം നടന്നത്.
നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ സഹായത്തോടെ എത്തിയ കവർച്ചാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. മോഷണശ്രമത്തിനിടെ തനുജയെ ശ്വാസം മുട്ടിച്ചും ഉപദ്രവിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രി ഒന്നാം നിലയിലെ മുറിയിൽ തനുജ ഉറങ്ങാൻ പോയ സമയത്ത് മക്കൾ മുകളിലത്തെ നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മറ്റൊരു ജോലിക്കാരി എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തറയിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ തനുജയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൽപ്പനയുടെ സഹായത്തോടെ വീട്ടിലെത്തിയ മൂന്നംഗ സംഘം ആഭരണങ്ങളും മറ്റും കവർന്ന ശേഷം റെയിൽവേ സ്റ്റേഷൻ വഴി നാഗ്പുർ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പ്രതികളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




