രണ്ടു സ്ത്രീകളെ ദൂരൂഹ സാഹചര്യത്തില്‍ കാണാതായ കേസില്‍ പ്രതി സ്ഥാനത്തുള്ള വസ്തു ഇടനിലക്കാരന്റെ വീട്ടുവളപ്പില്‍നിന്നു കത്തിക്കരിഞ്ഞ നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം ചങ്ങത്തറ വീട്ടില്‍ സെബാസ്റ്റ്യ(65)ന്റെ വീട്ടുവളപ്പില്‍നിന്നാണ് കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്(47), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മ എന്നിവരെ കാണാതായ സംഭവങ്ങളില്‍ സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ സംശയനിഴലിലാണ്. കാണാതായ സ്ത്രീകളില്‍ ആരുടേതെങ്കിലുമാണോ മൃതദേഹാവശിഷ്ടങ്ങളെന്നു സംശയിക്കുന്നു. സ്ഥിരീകരിക്കാനായി കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.
ഡി.എന്‍.എ. പരിശോധനയടക്കമുള്ള നടപടികള്‍ തുടങ്ങി. ഇന്നലെ രാവിലെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി: ഗിരീഷ്. പി. സാരഥിയുടെ നേതൃത്വത്തില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ പരിശോധന തുടങ്ങിയിരുന്നു. ഉച്ചയ്ക്കുശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പോലീസ് പൂര്‍ണമായും ബന്തവസിലാക്കി. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരുമടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പരിശോധന രാത്രി വൈകിയും തുടരുകയാണ്. ബിന്ദു പത്മനാഭന് തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി: കെ.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും തെളിവെടുപ്പു നടത്തി.
കടക്കരപ്പള്ളി ആലുങ്കല്‍ പത്മ നിവാസില്‍ ബിന്ദു പത്മനാഭനെ കാണാനില്ലെന്നു കാട്ടി 2017ലാണ് സഹോദരന് പ്രവീണ്‍ പോലീസില്‍ പരാതി നല്‍കിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് ഇതിന് പിന്നിലെന്ന് കാട്ടിയായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടു.
കോട്ടയം അതിരമ്പുഴ കോട്ടമുറി ഭാഗം കാക്കനാട്ടുകാലായില്‍ വീട്ടില്‍ ജെയിന് മാത്യു (ജൈനമ്മ -48)വിനെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 മുതല്‍ കാണാതായത്. 28ന് സഹോദരന് സാവിയോ മാണിയും ഭര്‍ത്താവ് അപ്പച്ചനും പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനമായി പള്ളിപ്പുറത്തായാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. ജയ്നമ്മയെ സെബാസ്റ്റ്യന്‍ തട്ടിക്കൊണ്ടു പോയതാണെന്നും സംശയമുയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: സാജന് സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. നേരത്തെ ജൈനമ്മയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു.




