Crime

മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർന്നു, ഭാര്യ അപേക്ഷിച്ചപ്പോള്‍ താലി തിരികെ നല്‍കി; കള്ളനെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്!

ആലപ്പുഴയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച നടത്തിയ കാസർകോട് സ്വദേശി രാജ്മോഹൻ (42) പോലീസിന്റെ പിടിയിലായി. കവർച്ച നടന്ന് ഏതാനും മണിക്കൂറുകൾക്കകം ആലപ്പുഴ നഗരത്തിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കയർഫെഡ് മുൻ പർച്ചേസ് മാനേജർ കൈതവന കണിയാംകുളം അപർണയിൽ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെ ആക്രമിച്ച് 12 പവൻ സ്വർണ്ണാഭരണങ്ങളാണ് ഇയാൾ കവർന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നില വാടകയ്ക്ക് നൽകുന്നതിനായി പരസ്യം നൽകിയിരുന്നു. ഇത് കണ്ടാണ് പ്രതി ശനിയാഴ്ച ആദ്യം ഈ വീട്ടിലെത്തുന്നത്. തുടർന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ വീണ്ടുമെത്തി കാര്യങ്ങൾ സംസാരിച്ചു മടങ്ങിയ ഇയാൾ ഉച്ചയ്ക്ക് ഒരുമണിയോടെ വീണ്ടും വീട്ടിലേക്ക് എത്തുകയായിരുന്നു.

വാടക കരാറുമായിട്ടാണ് ഇയാൾ ഇത്തവണ എത്തിയത്. എന്നാൽ കരാർ എഴുതാൻ സാക്ഷി വേണമെന്ന് സുദർശനൻ പറഞ്ഞതോടെ, കരാർ കാണിക്കാനെന്ന വ്യാജേന അടുത്തെത്തി കൈയിൽ കരുതിയ മുളകുപൊടി സുദർശന്റെ മുഖത്തേക്ക് വിതറുകയായിരുന്നു. തടയാൻ ശ്രമിച്ച സുദർശനനെ തള്ളി താഴെയിട്ടു. നിലവിളി കേട്ട് അടുക്കളയിൽ നിന്ന് ഓടിയെത്തിയ രത്നകുമാരിയെയും പ്രതി ആക്രമിച്ചു.

കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കവർന്നത്. തുടർന്ന് രത്നകുമാരിയെ വലിച്ചിഴച്ച് അലമാരയ്ക്കരികിലെത്തിച്ച് അവിടെയുണ്ടായിരുന്ന സ്വർണ്ണവും ഭീഷണിപ്പെടുത്തി കൈക്കലാക്കി. എന്നാൽ മടങ്ങുന്നതിനിടെ രത്നകുമാരി അപേക്ഷിച്ചതിനെ തുടർന്ന് താലിയും സുദർശന്റെ കഴുത്തിലുണ്ടായിരുന്ന തകിടും തിരികെ നൽകി. സമീപത്തെ സൂപ്പർമാർക്കറ്റിലെ സി.സി.ടി.വിയിൽ നിന്ന് പ്രതി ബൈക്കിലെത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *