ഇസ്‍ലാമാബാദ്/ഗ്ലാസ്ഗോ ∙ ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവായ പാക്കിസ്ഥാന്റെ ജാവലിൻ ത്രോ താരം അർഷദ് നദീം കോമൺവെൽത്ത് ഗെയിംസിൽ പരാജയപ്പെട്ടതിന് കാരണം പരിശീലനക്കുറവും അശ്രദ്ധയുമാണെന്ന വിമർശനം ശക്തമാകുന്നു. ശക്തമായ ഒരു തിരിച്ചുവരവിനായി അർഷദ് കഠിനമായി അധ്വാനിക്കണമെന്ന് താരത്തിന്റെ മുൻ മെന്റർമാർ ആവശ്യപ്പെട്ടു. 2024 പാരിസ് ഒളിംപിക്‌സിൽ 92.97 മീറ്റർ എറിഞ്ഞ് റെക്കോർഡുകൾ തകർത്ത നദീം, ഇത്തവണ 12 പേർ പങ്കെടുത്ത ഫൈനലിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താരത്തിന്റെ മോശം പ്രകടനം ആരാധകരെയും കോച്ചിങ് സ്റ്റാഫിനെയും ഒരുപോലെ ഞെട്ടിച്ചു. യോഗ്യതാ മത്സരത്തിൽ 78.63 മീറ്റർ മാത്രം കണ്ടെത്തിയ അർഷാദ് കഷ്ടിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരാഗെ 89.75 മീറ്ററോടെ സ്വർണം നേടിയ മത്സരത്തിൽ, നദീമിന്റെ പ്രധാന എതിരാളിയായ ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളിയും യശ‌്‌വീർ സിങ് വെങ്കലവും സ്വന്തമാക്കി.
2018-ന്റെ തുടക്കത്തിൽ അർഷദ് നദീമിന്റെ വളർച്ചയ്ക്ക് സഹായിച്ച മെന്ററും പാക്കിസ്ഥാൻ അത്‌ലറ്റിക്സ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ അക്രം സാഹി, താരത്തിനൊപ്പമുള്ള ചില വ്യക്തികളെയാണ് കുറ്റപ്പെടുത്തിയത്. ഒളിംപിക് സ്വർണം ലഭിച്ചതുമുതൽ ഒരു സംഘം ആളുകൾ നദീമിനെ കൈപ്പിടിയിലൊതുക്കുകയും തന്റെയടുത്തേക്ക് വരാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഗ്ലാസ്‌ഗോയിലെ ഈ ഫലം തികച്ചും നിരാശാജനകമാണെന്നും, കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള അശ്രദ്ധയും പരിശീലനക്കുറവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു മുൻ മെന്ററും ഇതിനോട് യോജിച്ചു. നേട്ടങ്ങളിൽ തൃപ്തനായ അർഷദ് അലസനായെന്നും ഹജ്ജ് കർമങ്ങൾക്ക് ശേഷം കൃത്യമായി പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ കോച്ച് ടെർഷ്യസ് ലീബൻബെർഗിൽനിന്ന് പരിശീലനം ലഭിച്ച ശേഷമാണ് അദ്ദേഹം ഒളിംപിക്സ് ജയിച്ചത്. ഇപ്പോൾ വീണ്ടും ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാൻ ഫെഡറേഷനെയും സർക്കാരിനെയും കാത്തിരിക്കുകയാണ്. പാരിസിലെ പ്രകടനത്തിന് ശേഷം വലിയ തുകകൾ സമ്മാനമായി ലഭിച്ചതിനാൽ, മറ്റാരെങ്കിലും അയക്കുന്നതുവരെ കാത്തിരിക്കാതെ സ്വന്തം പരിശീലനത്തിനായി നദീം തന്നെ പണം മുടക്കണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശരിയായ ഒരു കോച്ച് ഇല്ലാത്തതിനെയും ഈ ഉപദേശകൻ കുറ്റപ്പെടുത്തി. നദീമിന്റെ നിലവിലെ കോച്ചായ സൽമാൻ ബട്ടിന് ജാവലിൻ ത്രോയുമായി ബന്ധമില്ലെന്നും സാധാരണക്കാരനായ ഒരു ഡിസ്കസ് ത്രോ താരം മാത്രമായ അദ്ദേഹം നദീമിനൊപ്പം കൂടിയത് പ്രകടനത്തെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. സമ്മാനമായി ലഭിച്ച വൻ തുക ലഭിച്ചതുമുതൽ നദീം ബിസിനസ്സ് സംരംഭങ്ങളിലേക്ക് തിരിയുകയും സ്വന്തം നാടായ മിയാൻ ചന്നുവിൽ കല്യാണമണ്ഡപവും റസ്റ്ററന്റും നിർമിക്കാൻ സമയം ചെലവഴിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരികൾ നദീമിനെ അമിതമായി ലാളിക്കുകയായിരുന്നുവെന്നാണ് ആരാധകരും നിരാശയോടെ പ്രതികരിച്ചത്. ശ്രദ്ധ തിരിക്കുന്ന രീതിയിൽ ദശലക്ഷക്കണക്കിന് രൂപ നൽകുന്നതിന് പകരം, സർക്കാരും കായിക അധികൃതരും നല്ലൊരു വിദേശ കോച്ചിനെ ഏർപ്പാടാക്കുകയും വിദേശ രാജ്യങ്ങളിൽ താമസിപ്പിച്ച് പരിശീലനം നൽകുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് കായിക വിശകലന വിദഗ്ധനായ അഹ്സാൻ മുനീബ് പറഞ്ഞു. ഇനിയൊരു തിരിച്ചുവരവ് നദീമിന് ഏതാണ്ട് അസാധ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




