Featured Spotlight

വിജയ്‌യെ വിമർശിക്കുന്നതിനിടെ തൃഷയ്‌ക്കെതിരെ ദ്വയാർഥ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം- വീഡിയോ

തഞ്ചാവൂരിൽ നടന്ന കാവേരി പ്രതിഷേധത്തിനിടെ നടി തൃഷയെക്കുറിച്ച് ദ്വയാർത്ഥമുള്ള പരാമർശം നടത്തിയ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിനെതിരേ രൂക്ഷവിമർശനം . തമിഴ്‌നാടിന് അർഹതപ്പെട്ട കാവേരി വെള്ളം കർണാടക വിട്ടുനൽകുന്നില്ലെന്ന് ആരോപിച്ച് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ പരിപാടിക്കിടെയായിരുന്നു സംഭവം.

സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ, കാവേരി തർക്കത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൈക്കൊള്ളുന്ന നിലപാടുകളെ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിമർശിക്കുകയായിരുന്നു. ഇതിനിടയിലാണ് സദസ്സിലുണ്ടായിരുന്ന ചിലർ “തൃഷ, തൃഷ” എന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത്.

“ഒരു തുള്ളി കാവേരി വെള്ളം പോലും നമുക്ക് ലഭിച്ചിട്ടില്ല. എന്നാൽ ഇതിനെക്കുറിച്ച് മുഖ്യമന്ത്രി എപ്പോഴെങ്കിലും വായ തുറന്നിട്ടുണ്ടോ? ഇല്ല. അദ്ദേഹത്തിന് ഒരേയൊരു ചിന്ത മാത്രമേയുള്ളൂ,” ഉദയനിധി പറഞ്ഞു.

ആളുകൾ മുദ്രാവാക്യം വിളി തുടർന്നതോടെ, ഡി.എം.കെയ്‌ക്കെതിരെ “കള്ളക്കേസുകൾ” ചുമത്തുന്നതിൽ മാത്രമാണ് മുഖ്യമന്ത്രിക്ക് ശ്രദ്ധയെന്ന് അദ്ദേഹം ആരോപിച്ചു.

തുടർന്ന്, “വെള്ളം വേറെ എവിടെയെങ്കിലും എത്തുന്നുണ്ടോ ഇല്ലയോ, അവിടെ എന്തായാലും എത്തണം” എന്ന് ഉദയനിധി പറയുകയും, പിന്നീട് ചിരിച്ചുകൊണ്ട് താൻ കാവേരി വെള്ളത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് കൂട്ടിച്ചേർക്കുകയുമായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, കാവേരി തർക്കവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമരത്തിനിടെ നടിക്കെതിരെ അനാവശ്യവും മോശവുമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നിരവധി പേരാണ് ഡി.എം.കെ നേതാവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അങ്ങേയറ്റം ‘അറപ്പുളവാക്കുന്നതാണ്’ എന്ന് ടി.വി.കെ എം.എൽ.എ രേവന്ത് ചരൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. “തീർത്തും അറപ്പുളവാക്കുന്ന പരാമർശമാണിത്. ആർക്കെതിരെയും ഇത്തരത്തിലുള്ള മ്ലേച്ഛമായ വാക്കുകൾ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഈ പരാമർശം അവരുടെ മനോഭാവത്തെയും രാഷ്ട്രീയ സംസ്കാരത്തെയും നിലവാര തകർച്ചയെയുമാണ് വ്യക്തമാക്കുന്നത്. ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും തരംതാണ പ്രവൃത്തിയാണ ഇത്,” എന്നും രേവന്ത് ചരൺ വ്യക്തമാക്കി.

അതേസമയം, ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി മുഖ്യ വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. “തഞ്ചാവൂരിൽ വെച്ച് മുഖ്യമന്ത്രി വിജയ്‌യെയും തൃഷയെയും കുറിച്ച് ഉദയനിധി നടത്തിയ ദ്വയാർത്ഥ പ്രയോഗം അറപ്പുളവാക്കുന്നതും അശ്ലീലവും ലജ്ജാകരവുമാണ്. അമ്മയും ഭാര്യയും മകളുമുള്ള ഒരാളും ഇത്ര നീചമായി സംസാരിക്കില്ല. അങ്ങനെ സംസാരിക്കുന്നവരോട് വീട്ടിലുള്ള സ്ത്രീകൾ പൊറുക്കുകയുമില്ല. എന്നാൽ ‘ദ്രാവിഡ മോഡൽ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പരസ്യമായി ഇങ്ങനെ സംസാരിക്കുമ്പോൾ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അത് നോക്കിനിൽക്കുന്നത് നാണംകെട്ട കാര്യമാണ്,” എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *