18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നു. സ്വാഭാവിക ഗര്‍ഭധാരണത്തിന് വേണ്ടിയുള്ള ദീര്‍ഘകാലശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 18 വര്‍ഷം കാത്തിരുന്ന ശേഷം, ബീജസങ്കലനത്തിന്റെ ഒരു പുതിയ രീതി പരീക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചത് ജീവിതത്തില്‍ ടേണിംഗ് പോയിന്റായി മാറി.
സ്വാഭാവികഗര്‍ഭം ധരിക്കാനുള്ള ആഗ്രകം വിധി തടഞ്ഞതിനെ തുടര്‍ന്ന് നിരവധി ഐവിഎഫ് ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുകയും ചികിത്സയ്ക്ക് വിധേയരാകുകയും ചെയ്തു. പക്ഷേ ഒന്നും സഹായിച്ചില്ല. കൃത്രിമ ബീജസങ്കലനത്തില്‍ സ്ത്രീയില്‍ നിന്ന് അണ്ഡവും പുരുഷനില്‍ നിന്ന് ബീജവും വേര്‍തിരിച്ചെടുത്ത് ലാബില്‍ രണ്ടും സംയോജിപ്പിക്കാന്‍ തീരുമാനം എടുത്തെങ്കിലും ശുക്ലത്തില്‍ ബീജം ഇല്ലാതെ വരുന്ന അപൂര്‍വ അവസ്ഥയായ അസൂസ്പെര്‍മിയ ഭര്‍ത്താവില്‍ കണ്ടെത്തി.
വന്ധ്യതയുള്ള പുരുഷന്മാരില്‍ ഏകദേശം 1 ശതമാനത്തില്‍ മാത്രം കാണപ്പെടുന്ന അവസ്ഥയാണ് ഇത്. സാധാരണഗതിയില്‍ ഒരു സാമ്പിളില്‍ ദശലക്ഷക്കണക്കിന് ബീജങ്ങള്‍ അടങ്ങുന്നതാണ്. എന്നാല്‍, ഈ പുരുഷന്റെ കാര്യത്തില്‍, ഡോക്ടര്‍മാര്‍ക്ക് ഒരു ബീജം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അണ്ഡവുമായി കലര്‍ത്താന്‍ ബീജം ഇല്ലാത്തതിനാല്‍ ഇത് ഐവിഎഫില്‍ ഒരു പ്രശ്നമായി മാറി. തുടര്‍ന്നാണ് ദമ്പതികള്‍ മറ്റൊരു ചികിത്സാരീതി പരീക്ഷിക്കാന്‍ തയ്യാറായത്.
കൊളംബിയ യൂണിവേഴ്‌സിറ്റി ഫെര്‍ട്ടിലിറ്റി സെന്ററിന്റെ ‘സ്റ്റാര്‍’ എന്നറിയപ്പെടുന്ന സ്‌പെം ട്രാക്ക് ആന്‍ഡ് റിക്കവറി ഇവരുടെ കാര്യത്തില്‍ കൊണ്ടുവന്നു. എഐ ഉപയോഗിച്ചു ബീജം കണ്ടെത്തുന്ന രീതിയാണ് ഇത്. ദമ്പതികള്‍ ഈ രീതിയിലേക്ക് പോയത് വിജയമായി. പുരുഷന്‍ സമര്‍പ്പിച്ച സാമ്പിളില്‍ മൂന്ന് ബീജങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. ഐവിഎഫ് ഇപ്പോള്‍ വിജയകരമായി മാറിയതോടെ സ്ത്രീ ഗര്‍ഭിണി യായി. ഡിസംബറില്‍ പ്രസവിക്കാന്‍ പോകുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം, അവര്‍ ഒടുവില്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്യുന്നുവെന്ന്് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറഞ്ഞു.




