ഏലൂര്‍: മഞ്ഞുമ്മലില്‍ സുഹൃത്തിനൊപ്പം വാടകയ്‌ക്കു താമസിച്ചിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹതയേറെ. കോട്ടയം പാമ്പാടി പറശേരില്‍ വര്‍ഗീസിന്റെ മകള്‍ വര്‍ണ(24)യാണ് മരണമടഞ്ഞത്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം പാതാളം ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. ഒപ്പം താമസിച്ചിരുന്ന കാക്കനാട് സ്വദേശി നവാസിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
നവാസും സുഹൃത്തുക്കളും വീട്ടിലെത്തിയതിനെത്തുടര്‍ന്നു വര്‍ണയുമായി ബഹളമുണ്ടായതായി പോലീസ് പറഞ്ഞു. വര്‍ണയും സുഹൃത്തായ നവാസും വാടകവീട്ടില്‍ ഒരുമിച്ചു കഴിയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. ഇയാള്‍ക്കു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കഴിഞ്ഞ 17 നു രാത്രിയാണു വര്‍ണയെ വീട്ടില്‍ കയറില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍, യുവതി ഇതിനകം മരണമടഞ്ഞിരുന്നതായി ആശുപത്രി അധികൃതര്‍പറഞ്ഞു.
യുവതി മരിച്ചെന്ന് അറിഞ്ഞതോടെ കൊണ്ടുചെന്നവര്‍ കാറുമായി കടക്കാന്‍ ശ്രമിച്ചു. ഇവരെ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയും കാര്‍ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. നവാസില്‍നിന്നു പോലീസ് രാസലഹരി കണ്ടെത്തിയതായി സൂചനയുണ്ട്.




