Crime

കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ്‌ കഴുത്തുഞെരിച്ച്‌ കൊന്നു, ഭിന്നശേഷിക്കാരനായ ഇളയ മകനെ കൊലപ്പെടുത്താനുള്ള ശ്രമം മൂത്തമകന്‍ തടഞ്ഞു

പാലാ: കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ്‌ കിടപ്പുമുറിയില്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത്‌ ഏലക്കോടത്ത്‌ കെ.എസ്‌. രമണി (70) യെയാണ്‌ ഭര്‍ത്താവ്‌ കട്ടപ്പന ഇലവന്തിക്കല്‍ ഇ.ആര്‍. സോമന്‍ (74) അര്‍ധരാത്രിക്കുശേഷം കൊലപ്പെടുത്തിയത്‌.

ഭിന്നശേഷിക്കാരനായ ഇളയ മകന്‍ ശ്രീകുമാറിനെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമം നടത്തി. എന്നാല്‍ ബഹളം കേട്ട്‌ ഉണര്‍ന്നുവന്ന മൂത്തമകന്‍ സുനിത്ത്‌ ഇതു തടഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സുനിത്ത്‌ ബന്ധുക്കളെയും പഞ്ചായത്തംഗത്തെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസ്‌ സംഘം സ്‌ഥലത്തെത്തി.

ഇതോടെ വീടിന്റെ കിടപ്പുമുറിക്കുള്ളില്‍ രമണിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈസമയം സോമന്‍ നിര്‍വികാരനായി വീട്ടില്‍ത്തന്നെയുണ്ടായിരുന്നു. ഇയാളെ പോലീസ്‌ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. വീണ്‌ സ്‌ട്രോക്കുണ്ടായ രമണി ഏഴുമാസമായി കിടപ്പിലായിരുന്നു. ഇവരെ പരിചരിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഭാര്യയെയും മകനെയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്‌ സോമന്‍ മൊഴി നല്‍കിയതായി പോലീസ്‌ പറഞ്ഞു.

മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. രമണിയുടെ സംസ്‌കാരം നടത്തി. സുനിത്ത്‌ സ്വകാര്യ ബാങ്കില്‍ ഗോള്‍ഡ്‌ അൈപ്രസറായി ജോലി ചെയ്യുകയാണ്‌. ശ്രീകുമാറിന്‌ ലോട്ടറിക്കച്ചവടമാണ്‌. മരുമകള്‍: രേഖ.