കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ കടുക്കുമ്പോൾ, വി.ഡി. സതീശനായി വലിയ ജനപിന്തുണയുമായി അണികൾ തെരുവിലിറങ്ങുന്നു. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനെ അനുകൂലിച്ചുള്ള പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന മാർച്ചിൽ സതീശനെ തങ്ങളുടെ ‘ബാഹുബലി’ എന്ന് വിശേഷിപ്പിച്ചാണ് പ്രവർത്തകർ ആവേശം പ്രകടിപ്പിച്ചത്.
കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം തുടങ്ങിയ ജില്ലകളിലും വാട്സ്ആപ്പ് കൂട്ടായ്മകൾ വഴി ആളുകൾ സംഘടിച്ച് സതീശനായി രംഗത്തെത്തി. രണ്ട് പതിറ്റാണ്ട് മുമ്പ് വി.എസ്. അച്യുതാനന്ദന് സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ കേരളം കണ്ടതിന് സമാനമായ ജനമുന്നേറ്റമാണ് ഇപ്പോൾ സതീശന് വേണ്ടിയും ഉണ്ടാകുന്നത്. അന്ന് ജനവികാരം മാനിച്ച് സിപിഎമ്മിന് വിഎസിനെ മത്സരിപ്പിക്കേണ്ടി വരികയും അദ്ദേഹം മുഖ്യമന്ത്രിയാകുകയും ചെയ്തിരുന്നു.
2006-ൽ വിഎസിന് ലഭിച്ച അതേ ജനപിന്തുണയാണ് ഇപ്പോൾ വി.ഡി. സതീശനും ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം നടത്തിയ ശക്തമായ പോരാട്ടങ്ങളാണ് ഈ ജനപിന്തുണയ്ക്ക് പിന്നിലെന്ന് അണികൾ വിശ്വസിക്കുന്നു. ഇതുവരെ മന്ത്രിസ്ഥാനം പോലും വഹിച്ചിട്ടില്ലാത്ത സതീശൻ ഇക്കുറി മുഖ്യമന്ത്രിയാകണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ചത് സതീശനാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. 102 സീറ്റുകൾ നേടി മുന്നണി അധികാരത്തിലേക്ക് അടുക്കുമ്പോൾ മുഖ്യമന്ത്രി പദത്തിനായി രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും കൂടി രംഗത്തുവന്നത് കാര്യങ്ങൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്. എഐസിസി നിരീക്ഷകർ കെ.സി. വേണുഗോപാലിന് അനുകൂലമായി ചലിക്കുന്നതിനിടെയാണ് സതീശനായി ഈ അപ്രതീക്ഷിത ജനമുന്നേറ്റം ഉണ്ടായിരിക്കുന്നത്.
ഇതിനിടെ പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ അഭ്യർഥിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതിനിടയില്‍ ഏതെങ്കിലും നേതാവിനെ അനുകൂലിച്ച് പ്രകടനം നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി.




