Featured Oddly News

വയറുവേദന; സ്കാൻ ചെയ്തപ്പോൾ കണ്ടത് 20 വർഷം മുൻപ് വിഴുങ്ങിയ തെർമോമീറ്റർ! പുറത്തെടുത്തപ്പോൾ ഒടിവുപോലുമില്ല !

സാധാരണമായ ഒരു വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ ചൈനക്കാരനായ യുവാവിനെ കാത്തിരുന്നത് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു രഹസ്യമായിരുന്നു. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള വെൻഷൗ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ വാങ്ങിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് ഡോക്ടർമാർ അപ്രതീക്ഷിതമായി ഒരു വസ്തു കണ്ടെത്തിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വിചിത്രമായ വാർത്ത റിപ്പോർട്ട് ചെയ്തത്.

പരിശോധനയ്ക്കിടെ നടത്തിയ സ്‌കാനിംഗിലാണ് വാങ്ങിന്റെ ചെറുകുടലിന്റെ ആദ്യഭാഗത്ത് എന്തോ തങ്ങിനിൽക്കുന്നതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. അത് മെർക്കുറി അടങ്ങിയ ഒരു തെർമോമീറ്റർ ആണെന്ന് ഡോക്ടർമാർ സംശയിച്ചു. തെർമോമീറ്ററിന്റെ അഗ്രം കുടലിന്റെ ഭിത്തിയിൽ അമർന്നു നിൽക്കുന്ന നിലയിലായിരുന്നു. ഇത് കുടലിൽ സുഷിരങ്ങളുണ്ടാക്കാനും ആന്തരിക രക്തസ്രാവത്തിനും കാരണമായേക്കാവുന്ന അതീവ ഗുരുതരമായ സാഹചര്യമായിരുന്നു.

തനിക്ക് 12 വയസ്സുള്ളപ്പോൾ അബദ്ധത്തിൽ തെർമോമീറ്റർ വിഴുങ്ങിയതാണെന്ന് വാങ്ങ് ഡോക്ടർമാരോട് വെളിപ്പെടുത്തി. അന്ന് മാതാപിതാക്കളെ അറിയിക്കാൻ പേടിയായതുകൊണ്ടും, പ്രത്യേക ശാരീരിക അസ്വസ്ഥതകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ടും താൻ അത് രഹസ്യമാക്കി വെക്കുകയായിരുന്നു. ജോലിത്തിരക്കുള്ള മാതാപിതാക്കളും ഇത് അറിഞ്ഞില്ല. പിന്നീട് കാലക്രമേണ ഈ കാര്യം വാങ്ങ് തന്നെ മറന്നുപോയി.

വളരെ സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയയിലൂടെ വെറും 20 മിനിറ്റിനുള്ളിൽ ഡോക്ടർമാർ ആ തെർമോമീറ്റർ പുറത്തെടുത്തു. ഏറെക്കാലം ശരീരത്തിനുള്ളിൽ ഇരുന്നതുകൊണ്ടും, പിത്തരസവാഹിനികളോട് (bile ducts) അടുത്തായിരുന്നതുകൊണ്ടും ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. പുറത്തെടുത്തപ്പോൾ തെർമോമീറ്ററിന് വലിയ കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ലെങ്കിലും അതിലെ അടയാളങ്ങൾ മാഞ്ഞുപോയിരുന്നു. അബദ്ധത്തിൽ ഇത്തരം വസ്തുക്കൾ വിഴുങ്ങുകയാണെങ്കിൽ ഉടൻ തന്നെ ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കണമെന്നും സംസാരം കുറച്ച് എത്രയും വേഗം ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.