മൂന്നാം ക്ലാസ്സിലെ പുസ്തകങ്ങൾക്കായി ഏകദേശം 9,000 രൂപ ഈടാക്കുന്ന ബില്ല് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സ്വകാര്യ സ്കൂളുകളുടെ ചൂഷണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ‘നോയിഡ അപ്‌ഡേറ്റ്സ്’ എന്ന എക്സ് (X) ഹാൻഡിലിലൂടെ പുറത്തുവന്ന ഈ ബില്ല്, സ്കൂൾ പുസ്തകങ്ങളുടെ അമിതവിലയെക്കുറിച്ചും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുത്തക നിലപാടുകളെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.
മൂന്നാം ക്ലാസ്സിലെ പുസ്തകങ്ങൾക്ക് 8,996 രൂപയാണ് ബില്ലിലുള്ളത്. ഇത് ഏറ്റവും കുറഞ്ഞ നിരക്കാണെന്നും യുകെജി, ഒന്നാം ക്ലാസ് എന്നിവയുടെ പുസ്തകങ്ങൾക്ക് പലയിടത്തും പതിനായിരം രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. ഈ വാർത്ത പുറത്തുവന്നതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി രക്ഷിതാക്കൾ രംഗത്തെത്തി. ഒന്നാം ക്ലാസ്സിലെ പുസ്തകങ്ങൾക്ക് 9,000 രൂപയും എൽകെജി സാധനങ്ങൾക്ക് 7,622 രൂപയും നൽകേണ്ടി വന്നതായി പലരും വെളിപ്പെടുത്തി. ജയ്‌പൂരിൽ നിന്നുള്ള ഒരു രക്ഷിതാവ് ഏതാനും പുസ്തകങ്ങൾക്കും വർക്ക് ഷീറ്റുകൾക്കുമായി 6,500 രൂപ നൽകിയതായും പറഞ്ഞു.
സ്കൂളുകൾ നിർദ്ദേശിക്കുന്ന കടകളിൽ നിന്ന് മാത്രമേ പുസ്തകങ്ങൾ വാങ്ങാവൂ എന്ന് നിർബന്ധിക്കുന്നതായും രക്ഷിതാക്കൾ ആരോപിക്കുന്നു. ഇത് മറ്റ് കടകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള അവസരം ഇല്ലാതാക്കുകയാണ്. “ഇത് വിദ്യാഭ്യാസമല്ല, സ്കൂളിന്റെ സീൽ പതിപ്പിച്ച പിടിച്ചുപറിയാണ്” എന്നാണ് ഒരു ഉപഭോക്താവ് ഇതിനെ വിശേഷിപ്പിച്ചത്. ഒരേ സ്കൂളിന്റെ മറ്റൊരു ബ്രാഞ്ചിലേക്ക് മാറുമ്പോൾ പോലും പുതിയ പുസ്തകങ്ങളും യൂണിഫോമും വാങ്ങാൻ നിർബന്ധിക്കുന്നത് രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലാത്തതാണ് ഇത്തരം ബിസിനസ് തന്ത്രങ്ങൾ വളരാൻ കാരണമെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.




