ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 10 റൺസ് വിജയം. ഹൈദരാബാദ് മുന്നോട്ടുവെച്ച 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ജയത്തോടെ ആറു പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നാലു പോയിന്റുള്ള ചെന്നൈ ഏഴാം സ്ഥാനത്താണ്.
30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ആയുഷ് മാത്രെ (30), സർഫറാസ് ഖാൻ (25), ശിവം ദുബെ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാൽ കഴിഞ്ഞ മത്സരത്തിലെ സെഞ്ചറി വീരൻ സഞ്ജു സാംസൺ ഏഴ് റൺസിന് പുറത്തായത് ചെന്നൈയ്ക്ക് തിരിച്ചടിയായി. പവർപ്ലേയിൽ തകർപ്പൻ തുടക്കം ലഭിച്ചെങ്കിലും മധ്യനിരയിൽ ആർക്കും വലിയ സ്കോർ നേടാനായില്ല. ഇഷാൻ മലിംഗ മൂന്ന് വിക്കറ്റും നിതീഷ് റെഡ്ഡി രണ്ട് വിക്കറ്റും വീഴ്ത്തി ഹൈദരാബാദിനായി തിളങ്ങി. ഒരു ഘട്ടത്തിൽ മാത്യു ഷോർട്ടും ശിവം ദുബെയും പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഹൈദരാബാദ് കളി നിയന്ത്രിച്ചു.
അവസാന ഓവറിൽ ജയിക്കാൻ 18 റൺസ് വേണമെന്നിരിക്കെ, ബൗളർ പ്രഫുൽ ഹിംഗെ ഏഴ് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ആദ്യ മൂന്ന് ഓവറിൽ റൺസ് വിട്ടുകൊടുത്ത ഹിംഗെ നിർണ്ണായകമായ അവസാന ഓവറിൽ കരുത്ത് തെളിയിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, അഭിഷേക് ശർമയുടെയും (59) ഹെൻറിച് ക്ലാസന്റെയും (59) അർധ സെഞ്ചറികളുടെ കരുത്തിലാണ് 194 റൺസെടുത്തത്. ഓപ്പണർമാരായ അഭിഷേകും ട്രാവിസ് ഹെഡും ചേർന്ന് പവർപ്ലേയിൽ തന്നെ ഹൈദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചിരുന്നു. മധ്യനിരയിൽ ക്ലാസൻ കൂടി തകർത്തടിച്ചതോടെയാണ് ഹൈദരാബാദ് ഭേദപ്പെട്ട നിലയിലെത്തിയത്.




