Crime Featured

‘പ്രണയനൈരാശ്യത്തിന്റെ പ്രതികാരം’; പീഡിപ്പിച്ചത് 180 പെൺകുട്ടികളെ, അമരാവതിയെ ഞെട്ടിച്ച് അയാന്റെ മൊഴി പുറത്ത്

മുംബൈക്കടുത്ത് അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ അയാൻ അഹമ്മദിന്റെ (19) ഞെട്ടിക്കുന്ന മൊഴി പുറത്ത്. പ്രണയനൈരാശ്യത്തെ തുടർന്നാണ് താൻ ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് മാറിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 180 ഓളം പെൺകുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയതായും 350 ലധികം അശ്ലീല വീഡിയോകൾ പകർത്തിയതായും പൊലീസ് കണ്ടെത്തി. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.

പെൺകുട്ടികളെ മുംബൈയിലേക്കും പുണെയിലേക്കും കൊണ്ടുപോയി വീഡിയോകൾ പകർത്തുകയും, അവ കാണിച്ച് ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തതായാണ് വിവരം. ഇൻസ്റ്റഗ്രാമിൽ പതിനെണ്ണായിരത്തോളം ഫോളോവേഴ്‌സുള്ള ഇയാൾ പെൺകുട്ടികളുമൊത്തുള്ള ചിത്രങ്ങൾ നിരന്തരം പങ്കുവെച്ചിരുന്നു. സുഹൃത്തിന്റെ വീട് വാടകയ്ക്കെടുത്താണ് ക്രൂരതകൾ നടത്തിയിരുന്നത്. അയാനും സുഹൃത്ത് ഉസർ ഖാനും തമ്മിലുണ്ടായ തർക്കമാണ് ഒടുവിൽ പീഡനവിവരങ്ങൾ പുറംലോകമറിഞ്ഞത്. അയാന്റെ ഫോണിലെ ദൃശ്യങ്ങൾ ഉസർ ഖാൻ പ്രചരിപ്പിച്ചതോടെ ഇരുവരും പിടിയിലായി. പിന്നാലെ അയാന്റെ വീടിന്റെ അനധികൃത ഭാഗങ്ങൾ അധികൃതർ പൊളിച്ചുനീക്കി.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേർ അറസ്റ്റിലായിട്ടുണ്ട്. അയാന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രണ്ട് കോൺസ്റ്റബിൾമാരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പൊതുനിരത്തിൽ കേക്ക് മുറിച്ച് നടത്തിയ ആഘോഷത്തിൽ ഇവർ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് നടപടി. കേസ് അന്വേഷിക്കാൻ 11 ഓഫീസർമാരും 30 കോൺസ്റ്റബിൾമാരും അടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.