Spotlight

ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പില്‍; യുവാവിനെതിരെ ഗുരുതര പരാതിയുമായി അഡ്വ. സാന്ദ്ര സദാനന്ദന്‍

സോഷ്യൽമീഡിയയിലെ തന്റെ ചിത്രങ്ങൾ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി അഡ്വക്കേറ്റ് സാന്ദ്ര സദാനന്ദൻ. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര കഴിഞ്ഞ ആറുവർഷമായി ലണ്ടനിലാണ് ജോലി ചെയ്യുന്നത്. തന്റെ അകന്ന ബന്ധു കൂടിയായ നിതിൻ കിച്ചു എന്ന യുവാവാണ് ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചതെന്ന് സാന്ദ്ര വെളിപ്പെടുത്തി. തന്റേത് മാത്രമല്ല, മലപ്പുറം വള്ളിക്കുന്ന് പ്രദേശത്തെ നിരവധി പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും സ്കൂൾ കുട്ടികളുടെയും വരെ ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സാന്ദ്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിക്കുന്നു.

ഏപ്രിൽ പത്തിന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തന്റെ ചിത്രങ്ങൾ മോശമായ രീതിയിൽ ടെലഗ്രാം ഗ്രൂപ്പിലുണ്ടെന്ന വിവരം സഹോദരൻ വഴി സാന്ദ്ര അറിയുന്നത്. താൻ ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല ഉള്ളടക്കങ്ങൾ കണ്ട് താൻ മാനസികമായി തകർന്നുപോയെന്ന് അവർ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ, ഇയാൾ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതൊരു വിനോദമായി കൊണ്ടുനടക്കുന്ന ആളാണെന്നും മനസ്സിലാക്കാൻ സാധിച്ചു. ഇതിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ച സാന്ദ്ര ഇയാളുടെ പ്രൊഫൈൽ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു.

സാന്ദ്രയുടെ പോസ്റ്റ് കണ്ട് കണ്ണൂർ മാഹി സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയും സമാനമായ പരാതിയുമായി രംഗത്തെത്തി. ആ പെൺകുട്ടി സഹോദരങ്ങളോടൊപ്പം വള്ളിക്കുന്നിലെ പ്രതിയുടെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ വള്ളിക്കുന്ന് പോലീസ് പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് സാന്ദ്ര ആരോപിക്കുന്നു. പ്രതിയുടെ ഫോൺ വാങ്ങി പരിശോധിച്ച പോലീസ് ഒരു മണിക്കൂറിനുള്ളിൽ അത് തിരികെ നൽകിയെന്നും ഇയാളെ സംരക്ഷിക്കാൻ സ്റ്റേഷനിൽ ചിലർ ശ്രമിക്കുന്നുണ്ടെന്നും അവർ വീഡിയോയിലൂടെ കുറ്റപ്പെടുത്തി.

സംഭവം പുറത്തായതോടെ പ്രതിയുടെ കുടുംബം കേസിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്തിയതായും സാന്ദ്ര പറയുന്നു. വീട്ടിലെ പ്രാരാബ്ധങ്ങളും അച്ഛന്റെ അസുഖവും പറഞ്ഞ് സഹതാപം പിടിച്ചുപറ്റാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ തന്റെ അഭിമാനത്തെയും സ്വകാര്യതയെയും ബാധിച്ച ഈ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സാന്ദ്ര വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിത്തീർത്ത് രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും തനിക്കെതിരെ വ്യാജ പരാതികൾ നൽകാൻ നീക്കമുണ്ടെന്നും അവർ ആരോപിക്കുന്നു.

നിലവിൽ മലപ്പുറം എസ്പി, സൈബർ സെൽ എന്നിവർക്കും വിവിധ പോലീസ് സ്റ്റേഷനുകളിലും സാന്ദ്ര പരാതി നൽകിയിട്ടുണ്ട്. വള്ളിക്കുന്ന് പരിസരത്തുള്ള സ്ത്രീകളും പെൺകുട്ടികളും ജാഗ്രത പാലിക്കണമെന്നും ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ അഭ്യർത്ഥിച്ചു. താൻ നേരിട്ട ഈ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുത് എന്ന ഉറച്ച തീരുമാനത്തിലാണ് ഈ അഭിഭാഷക. ഇനിയും നിശബ്ദത പാലിച്ചാൽ ഇത്തരം ക്രിമിനലുകൾ കൂടുതൽ അപകടകാരികളാകുമെന്നും സാന്ദ്ര മുന്നറിയിപ്പ് നൽകുന്നു.