ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യ ചികിത്സ ലഭിച്ചതിനെ പ്രശംസിച്ച് ജർമ്മൻ യാത്രികൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഒൻപത് വർഷമായി ലോകം ചുറ്റിക്കൊണ്ടിരിക്കുന്ന ഡേവിഡ് നെബൽ എന്ന വ്ലോഗറാണ് ഗുജറാത്തിലെ സൂറത്തിലുള്ള സർക്കാർ ആശുപത്രിയിലെ തന്റെ അനുഭവം പങ്കുവെച്ചത്.
തെരുവ് നായയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സ തേടിയ തന്നിൽ നിന്ന് ആശുപത്രി അധികൃതർ പണം ഈടാക്കിയില്ലെന്നും, തന്റെ സ്വന്തം നാടായ ജർമ്മനിയിൽ പോലും വിദേശികൾക്ക് ഇത്തരം സൗജന്യ ചികിത്സ ലഭിക്കില്ലെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
“കഴിഞ്ഞ ദിവസം രാത്രി ഒരു തെരുവ് നായ എന്നെ കടിച്ചു. പേവിഷബാധയ്ക്കെതിരെയുള്ള മുൻകരുതൽ എടുക്കുന്നതിനായി ഞാൻ ഇവിടെയുള്ള ഒരു സർക്കാർ ആശുപത്രിയിൽ പോയി. അവിടെ എനിക്ക് സൗജന്യമായി ചികിത്സ ലഭിച്ചത് എന്നെ അത്ഭുതപ്പെടുത്തി,” ഡേവിഡ് വീഡിയോയിൽ വ്യക്തമാക്കി. ആശുപത്രിയിലെ സേവനങ്ങൾ വളരെ വേഗതയുള്ളതാണെന്നും പരിസരം വൃത്തിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് കുത്തിവെയ്പ്പുകൾ എടുക്കേണ്ടതുണ്ടെങ്കിലും ഇന്ത്യയിലെ ഈ സംവിധാനം തന്നെ വളരെയധികം ആകർഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേർ പ്രതികരണങ്ങളുമായി എത്തി. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇത്തരം ചികിത്സയ്ക്ക് വലിയ തുക നൽകേണ്ടി വരുമെന്ന് ചിലർ കമന്റ് ചെയ്തു. ഇന്ത്യയിൽ നായയോ പൂച്ചയോ കടിച്ചാൽ സർക്കാർ ആശുപത്രിയിൽ പോകുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതമെന്നും പലരും അഭിപ്രായപ്പെട്ടു. ജർമ്മനിയിൽ ചികിത്സയ്ക്കായി വലിയ കാത്തിരിപ്പ് വേണമെന്നും അതിനാൽ താൻ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേക്ക് മടങ്ങിവന്നുവെന്നും മറ്റൊരു മലയാളി കമന്റ് ചെയ്തു. പേവിഷബാധ ഗൗരവമായി കാണണമെന്നും ഡോക്ടർ നിർദ്ദേശിച്ച എല്ലാ കുത്തിവെയ്പ്പുകളും കൃത്യമായി എടുക്കണമെന്നും ഡേവിഡിന് നെറ്റിസൺസ് ഉപദേശം നൽകുന്നുണ്ട്.




