കാണ്പൂർ: ഉത്തർപ്രദേശിലെ കാണ്പൂരിൽ വിവാഹ സൽക്കാരത്തിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറി. വരന് താനുമായി നിയമപരമായ വിവാഹബന്ധം നിലനിൽക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് ഒരു യുവതി ചടങ്ങിലേക്ക് കടന്നുവരികയായിരുന്നു. ക്യാമറയിൽ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യുവതി വേദിയിലെത്തി വധുവിനെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം.
വെള്ളിയാഴ്ച രാത്രി ചാക്കേരിയിലെ ചൗധരി മാരേജ് ലോണിലായിരുന്നു സംഭവം. ചമൻഗഞ്ച് സ്വദേശിയായ സഹാന ഹസൻ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പമാണ് വിവാഹ സൽക്കാരത്തിനെത്തിയത്. താനുമായി നിയമപരമായി വേർപിരിയാതെയാണ് വരനായ ആസിഫ് മുഹമ്മദ് രണ്ടാമത് വിവാഹം കഴിച്ചതെന്ന് സഹാന ആരോപിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സഹാനയും ആസിഫും 2022-ൽ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ പരമ്പരാഗത ചടങ്ങുകളോടെയാണ് അന്ന് വിവാഹം നടന്നത്. എന്നാൽ 2024-ഓടെ ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും തർക്കങ്ങളിലേക്ക് നയിക്കുകയും ചെയ്തു.
തുടർന്ന് വിഷയം കോടതിയിലെത്തി. സഹാന ആസിഫിനെതിരെ കേസ് ഫയൽ ചെയ്തപ്പോൾ, ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആസിഫും നിയമനടപടികൾ സ്വീകരിച്ചു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ്, ആസിഫ് ചാക്കേരിയിൽ വെച്ച് മറ്റൊരു വിവാഹത്തിന്റെ സൽക്കാരം നടത്തുന്നതായി അയൽവാസി വഴി സഹാന അറിയുന്നത്. വാർത്തയുടെ സത്യവസ്ഥ അറിയാനായി ഇവർ പോലീസിനൊപ്പം ഉടൻ തന്നെ ചടങ്ങിലെത്തുകയായിരുന്നു. വേദിയിൽ ഇരിക്കുകയായിരുന്ന വധുവിന്റെ അടുത്തേക്ക് ചെന്ന് സഹാന സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
“ഞാൻ ആരാണെന്ന് തനിക്ക് അറിയാമോ? ഞാൻ ഇയാളുടെ ആദ്യത്തെ ഭാര്യയാണ്. ഞങ്ങളുടെ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല, ഇത് നടക്കാൻ ഞാൻ അനുവദിക്കില്ല,” എന്ന് സഹാന പറയുന്നത് വീഡിയോയിൽ കേൾക്കാം. തർക്കം രൂക്ഷമായതോടെ വരൻ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു. തുടർന്ന് ചോദ്യം ചെയ്യലിനായി ആസിഫിനെ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് കൊണ്ടുപോയി. ഈ വിവാഹത്തെക്കുറിച്ചും നിലവിലുള്ള നിയമതർക്കങ്ങളെക്കുറിച്ചും വ്യക്തത വരുത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




