Crime

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി

കൊച്ചി: മുട്ടം മെട്രോ സ്‌റ്റേഷനില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി. കൂനംതൈ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ മഹേഷ് മദ്യപിച്ച് വീട്ടിലെത്തി നീതുവിനെ ആക്രമിക്കുന്നതു പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ബന്ധുവീട്ടിലേക്ക് നീതു താമസം മാറിയിരുന്നു. എന്നാല്‍ പിന്നീട് നീതു ജോലി ചെയ്യുന്ന മുട്ടത്തെ സ്ഥലത്തെത്തി മഹഷ് മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

ഇന്നു രാവിലെയും മഹേഷ് നീതുവിന്റെ ജോലിസ്ഥലത്തെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതിനുശേഷം ജോലി കഴിഞ്ഞ് ബന്ധുവീട്ടിലേക്കു മടങ്ങാനായി നീതു ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴും മഹേഷ് പ്രശ്‌നമുണ്ടാക്കി. ഇവിടെനിന്നു രക്ഷപ്പെട്ടാണു നീതു മുട്ടം മെട്രോ സ്റ്റേഷനിലെത്തിയപ്പോള്‍ നീതുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. മറ്റു യാത്രക്കാര്‍ മഹേഷിനെ പിടികൂടി. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നീതു അപകടനില തരണം ചെയ്തു.