Featured The Origin Story

ഈ മുളക് ഇന്ത്യക്കാരനല്ല കേട്ടോ! കറികളിലും അച്ചാറുകളിലും നിറയുന്ന എരിവ് എവിടെ നിന്ന്? മുളകിന്റെ ചരിത്രം!

ഇന്ത്യൻ പാചകരീതിയിൽ മുളകിനുള്ള സ്ഥാനം വളരെ വലുതാണ്. മുളകില്ലാത്ത ഒരു കറിയോ ചമ്മന്തിയോ അച്ചാറോ സങ്കൽപ്പിക്കാൻ പോലും നമുക്ക് കഴിയില്ല. എന്നാൽ എരിവുള്ള ഈ ചേരുവയുടെ ഉൽപത്തിയെക്കുറിച്ചുള്ള ചരിത്രം തികച്ചും വ്യത്യസ്തമായ ഒന്നാണ്. ഇന്ത്യൻ അടുക്കളകളിൽ എത്തുന്നതിന് എത്രയോ മുൻപ്, ലോകത്തിന്റെ മറുഭാഗത്താണ് മുളക് വളർന്നിരുന്നത്. അപ്പോൾ ഇന്ത്യൻ മണ്ണിൽ വേരുകളില്ലാത്ത ഒരു സസ്യം എങ്ങനെയാണ് ഇന്ത്യൻ ഭക്ഷണത്തിന്റെ രുചിയെത്തന്നെ നിർവചിക്കുന്ന ഒന്നായി മാറിയത്?

നൂറ്റാണ്ടുകളോളം ഇന്ത്യൻ ഭക്ഷണങ്ങളിൽ എരിവിനായി മറ്റ് ചേരുവകളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ ഭക്ഷണ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ആദ്യത്തെ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ‘തിപ്പലി’ (Pippali). മുളക് എത്തുന്നതിന് മുൻപ് വിഭവങ്ങൾക്ക് എരിവ് നൽകാൻ ഉപയോഗിച്ചിരുന്നത് തിപ്പലിയായിരുന്നു. നമ്മൾ ഇന്ന് കാണുന്ന മുളക് അക്കാലത്ത് ഇന്ത്യയിൽ തീർത്തും അപരിചിതമായിരുന്നു.

കാരണം മുളക് ഏഷ്യൻ വംശജനായ ഒരു സസ്യമേയല്ല. പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ (PNAS) 2014-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 6,500-ലധികം വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലാണ് മുളക് ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത്. അതിനാൽ തന്നെ മധ്യ അമേരിക്കൻ ഉത്ഭവമുള്ള ഈ വിളയ്ക്ക് ഇന്ത്യൻ മണ്ണുമായി ചരിത്രപരമായ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

ഇന്ത്യയിലേക്കുള്ള മുളകിന്റെ വരവ് വളരെ ദീർഘവും അപ്രതീക്ഷിതവുമായ ഒരു വഴിലൂടെയായിരുന്നു. കറുത്തമുളക് അന്വേഷിച്ച് കരീബിയനിൽ എത്തിയ ക്രിസ്റ്റഫർ കൊളംബസ് ആണ് മുളകിനെ യൂറോപ്പിൽ പരിചയപ്പെടുത്തുന്നത്. അദ്ദേഹം കറുത്തമുളകും ചുവന്നമുളകും ഒന്നാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

എന്നാൽ ഇന്ത്യയിലേക്കുള്ള മുളകിന്റെ വരവ് വളരെ വൈകിയും മറ്റൊരു വഴിയിലൂടെയുമായിരുന്നു. ‘ജെസ്റ്റോർ ഡെയ്‌ലി’ (JSTOR Daily) നൽകുന്ന വിവരമനുസരിച്ച്, പോർച്ചുഗീസിന്റെ കോളനിയായിരുന്ന ബ്രസീലിൽ നിന്ന് ഗോവ വഴി പോർച്ചുഗീസ് കച്ചവടക്കാരാണ് 1542-ഓടെ മുളക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

തുടക്കത്തിൽ ഗോവയിൽ മുളക് “പെർനാംബുകോ പെപ്പർ” (Pernambuco pepper) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ബ്രസീലിലെ ഒരു പ്രദേശത്തിന്റെ പേരായിരുന്നു. പോർച്ചുഗീസുകാരുടെ കച്ചവട ശൃംഖലയുമായി മുളകിന്റെ വരവ് എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

ഇന്ത്യയിൽ എത്തിക്കഴിഞ്ഞപ്പോൾ വളരെ പെട്ടെന്ന് തന്നെ മുളക് നമ്മുടെ ഭക്ഷണരീതിയുടെ ഭാഗമായി മാറി. അന്നത്തെ കാലത്ത് കറുത്തമുളകിന് വലിയ വിലയുണ്ടായിരുന്നു ഒപ്പം അത് ലഭിക്കാനും പ്രയാസമായിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സാധാരണക്കാർക്കും കർഷകർക്കും വളരെ എളുപ്പത്തിലും കുറഞ്ഞ ചിലവിലും മുളക് കൃഷി ചെയ്യാൻ സാധിച്ചു.

ഈ കുറഞ്ഞ ചിലവും ശക്തമായ എരിവും കാരണം ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ പ്രാദേശിക ഇന്ത്യൻ വിഭവങ്ങളിൽ കറുത്തമുളകിന് പകരം ചുവന്നമുളക് ഉപയോഗിച്ചു തുടങ്ങി. കാലക്രമേണ, പ്രാദേശികമായ കാലാവസ്ഥയ്ക്കും പാചകരീതികൾക്കും അനുയോജ്യമായ ഗുണ്ടൂർ, ബാഡ്ഗി തുടങ്ങിയ വ്യത്യസ്ത ഇനം മുളകുകൾ ഇന്ത്യയിൽ രൂപപ്പെട്ടു.

അഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ ഇല്ലാതിരുന്ന ഒരു വിളയുടെ കാര്യത്തിൽ, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മുളക് ഉൽപ്പാദകരും കയറ്റുമതിക്കാരുമായി ഇന്ത്യ മാറിയിരിക്കുന്നു എന്നത് അവിശ്വസനീയമായ ഒരു മാറ്റമാണ്. ഇന്ന് ഇന്ത്യൻ ഭക്ഷണത്തിൽ നിന്ന് മാറ്റിനിർത്താനാവാത്ത ഒന്നായി നമ്മൾ കാണുന്ന മുളക്, ചരിത്രപരമായി നോക്കിയാൽ മെക്സിക്കോ, കരീബിയൻ, യൂറോപ്പ്, ബ്രസീൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് നമ്മുടെ പ്ലേറ്റിലെത്തിയ വളരെ പുതിയൊരു വിഭവമാണ്.

Leave a Reply

Your email address will not be published. Required fields are marked *