Featured Oddly News

95 വയസ്സുള്ള അമ്മയുടെ മൃതദേഹവുമായി കഴിഞ്ഞത് 10വര്‍ഷം ; 60 കാരനെതിരേ ജപ്പാനില്‍ കേസ്

95 വയസ്സുള്ള അമ്മയുടെ മൃതദേഹം പത്ത് വര്‍ഷത്തോളം ഫ്‌ളാറ്റില്‍ ഒളിച്ചുവച്ചതിനെ തുടര്‍ന്ന് 60 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനില്‍ നടന്ന സംഭവത്തില്‍ തന്റെ അമ്മ ഒരു പതിറ്റാണ്ട് മുമ്പ് മരിച്ചുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ സമൂഹത്തെ പേടിച്ചാണ് (social anxiety) പുറത്തുപറയാതിരുന്നതെന്നുമായിരുന്നു മറുപടി.

തൊഴില്‍രഹിതനായ തകേഹിസ മിയാവാക്കി എന്നയാളാണ് അറസ്റ്റിലായത്. മെയ് 22 ന് മധ്യ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ കോബെ സിറ്റിയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് മിയാവാക്കി തെരുവില്‍ മുടന്തി നടക്കുന്നത് കണ്ട് ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സ്വകാര്യ വിവരങ്ങളും അമ്മയെക്കുറിച്ചും ചോദിച്ചപ്പോള്‍, മിയാവാക്കി അവരെക്കുറിച്ച് ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്നത് അയാളില്‍ സംശയം ജനിപ്പിച്ചു.

ഇതോടെ ഉദ്യോഗസ്ഥന്‍ വിവരം ലോക്കല്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ജൂണില്‍ മിയാവാക്കിയുടെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വീട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ പോയി. പരിശോധനയില്‍ ഫ്‌ളാറ്റില്‍ മാലിന്യക്കൂമ്പാരവും ടോയ്ലറ്റില്‍ ഒരു അസ്ഥികൂടവും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ അമ്മ മരിച്ച കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് മിയാവാക്കി സമ്മതിച്ചു.

‘ഏകദേശം 10 വര്‍ഷം മുമ്പായിരുന്നു. ടോയ്ലറ്റില്‍ കയറിയ അമ്മ പ്രതികരിക്കുന്നില്ലെന്നും ശ്വസിക്കുന്നില്ലെന്നും കണ്ടെത്തി. അവരുടെ ശരീരം തണുത്തുറഞ്ഞിരുന്നു. ഒരു സാധാരണ വ്യക്തി എന്ന നിലയില്‍, എന്റെ അമ്മ മരിച്ചുവെന്ന് എനിക്കറിയാമായിരുന്നു. പോലീസിനെ വിളിക്കുകയോ ആശുപത്രിയുമായി ബന്ധപ്പെടുകയോ ചെയ്തില്ല. പകരം അമ്മയുടെ മൃതദേഹം അതേപടി വയ്ക്കുവാന്‍ തീരുമാനിച്ചുവെന്ന് മിയാവാക്കി പറഞ്ഞു. ഭയം കാരണം പോലീസിനെ വിളിക്കാനും ധൈര്യപ്പെട്ടില്ല.

ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം മിയാവാക്കിയുടെ അമ്മയുടെതാണെന്ന് സ്ഥിരീകരിച്ചു. അതേസമയം കൊലപാതകത്തിന്റെ ഒരു സൂചനയും കിട്ടിയില്ല. പോലീസ് ഇപ്പോഴും കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ‘അമ്മയുടെ പെന്‍ഷന്‍ വാങ്ങാന്‍ വേണ്ടി മാത്രമാണ് അയാള്‍ അങ്ങനെ ചെയ്തത്. സാമൂഹിക ഭയം എന്ന വ്യാജേന അയാള്‍ അതിനെ ഉപയോഗിച്ചു.’ ഒരാള്‍ പറഞ്ഞു.