ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണത്തില്‍ നിർബന്ധമായും അടങ്ങിയിരിക്കേണ്ട പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് ഭക്ഷ്യനാരുകൾ (Fibre). ഇവ മനുഷ്യന്റെ ദഹനവ്യവസ്ഥ നേരിട്ട് ദഹിപ്പിക്കുന്നില്ലെങ്കിലും, ദഹനപ്രക്രിയ സാവധാനത്തിലാക്കാനും, വയർ നിറഞ്ഞ അനുഭവം നൽകാനും, കുടലിലെ നല്ല ബാക്ടീരിയകളെ നിലനിർത്താനും, മലവിസർജ്ജനം സുഗമമാക്കാനും വലിയ പങ്കുവഹിക്കുന്നുണ്ട്.
നാരുകളുടെ അളവ് കൂട്ടാൻ പറയുമ്പോൾ പലരുടെയും ഓർമ്മയിൽ ആദ്യം വരുന്നത് ചിയാ സീഡ്‌സ് (Chia seeds) ആണ്. ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ഇവ കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആഹാരമാകുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
എന്നാൽ ചിയാ സീഡ്സിന് പുറമെ, ദൈനംദിന ആഹാരത്തിൽ നാരുകളുടെ കുറവ് നികത്താൻ സഹായിക്കുന്ന ലളിതമായ മറ്റൊരു ചേരുവ കൂടിയുണ്ട്. ഹാർവാർഡിലും സ്റ്റാൻഫോർഡിലും പരിശീലനം നേടിയ പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി, ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ ‘ഇസബ്ഗോൾ’ അഥവാ സൈലിയം ഹസ്ക് (Psyllium husk) എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് വ്യക്തമാക്കുന്നു.
വെള്ളം ആഗിരണം ചെയ്ത് കട്ടിയുള്ള ജെൽ രൂപത്തിലാകാൻ സൈലിയം ഹസ്കിന് കഴിയും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടുന്നത് തടയാനും, എൽ.ഡി.എൽ (LDL) കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, വിശപ്പ് നിയന്ത്രിക്കാനും മലബന്ധമുള്ളപ്പോൾ മലം മൃദുവാക്കാനും വയറിളക്കമുള്ളപ്പോൾ അത് നിയന്ത്രിക്കാനും ഇത് ഒരേപോലെ സഹായിക്കുമെന്ന് ഡോ. സേത്തി പറയുന്നു.
ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. പലരും ഇത് വരണ്ട രൂപത്തിലോ വളരെ കുറച്ചു വെള്ളത്തിലോ ആണ് കഴിക്കാറുള്ളത്. ഇത് വയർ വീർക്കുന്നതിനും മലബന്ധം കൂടുന്നതിനും കാരണമാകും. അതിനാൽ ഒന്നോ രണ്ടോ ടേബിൾസ്പൂൺ സൈലിയം ഹസ്ക് ആവശ്യത്തിന് വെള്ളത്തിലോ തൈരിലോ കലക്കി, ധാരാളം വെള്ളം കുടിച്ചുകൊണ്ട് വേണം കഴിക്കാൻ.
ഇതിനുപുറമെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മറ്റ് ചില ഭക്ഷണങ്ങളും ഡോ. സേത്തി നിർദ്ദേശിക്കുന്നുണ്ട്. ചെറുതായി പച്ചപ്പുള്ള പഴങ്ങൾ (Slightly green bananas) ദിവസവും ഒന്നു വീതം കഴിക്കുന്നത് നല്ല ബാക്ടീരിയകളെ വളർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കും. അതുപോലെ പരിപ്പ് വർഗ്ഗങ്ങളും പയറ്റിനങ്ങളും ദിവസവും അരക്കപ്പ് മുതൽ ഒരു കപ്പ് വരെ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ നാരുകളും സസ്യ പ്രോട്ടീനും നൽകും. കൂടാതെ ആൻ്റിഓക്‌സിഡന്റുകൾ അടങ്ങിയ ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയ ബെറി പഴങ്ങൾ ദിവസവും കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.




