പൊതുവഴിയില്‍വച്ച് രണ്ട് വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ തമ്മിൽ അതിശക്തമായ പോരാട്ടം. നേപ്പാളിലെ സൗരഹയിൽ നടന്ന ഈ പോരാട്ടം വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു. ചിത്വാൻ നാഷണൽ പാർക്കിന് സമീപമുള്ള പൊതുവഴിയിൽ വെച്ച് നടന്ന ഈ അപൂർവ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സൗരഹയിലെ ജനവാസമേഖലയ്ക്ക് തൊട്ടടുത്താണ് ഈ ‘യുദ്ധം’ നടന്നത്. ഭീമാകാരന്മാരായ കാണ്ടാമൃഗങ്ങൾ പരസ്പരം കൊമ്പുകോർക്കുന്നതും പരസ്പരം തള്ളുന്നതും കാണാൻ വലിയൊരു ജനക്കൂട്ടം തന്നെ റോഡരികിൽ തടിച്ചുകൂടി. ചിത്വാൻ മേഖലയിൽ വന്യമൃഗങ്ങളും മനുഷ്യരും എത്രത്തോളം അടുത്താണ് കഴിയുന്നത് എന്നതിന് തെളിവുകൂടിയാണ് ഈ സംഭവം.
“വന്യജീവികളെ കാണാനാണ് ഞാൻ ചിത്വാനിൽ വന്നത്, പക്ഷേ അവ ഇങ്ങോട്ട് വന്ന് യുദ്ധം ചെയ്യുമെന്ന് കരുതിയില്ല,” എന്ന് ഈ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരാൾ കുറിച്ചു. ഭാഗ്യവശാൽ ആർക്കും പരിക്കുകൾ പറ്റിയില്ല.
സംഭവം വൈറലായതോടെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പുമായി രംഗത്തെത്തി. ഫോട്ടോ എടുക്കാനോ വീഡിയോ പകർത്താനോ വേണ്ടി വന്യമൃഗങ്ങളുടെ അടുത്തേക്ക് പോകരുതെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം.
സ്വന്തം വിഹാരപ്രദേശത്ത് മറ്റേ കാണ്ടാമൃഗം കയറിയതോ, ഇണയെ സ്വന്തമാക്കുന്നതിനോ വേണ്ടിയുള്ള തർക്കമാണ് ഇവയ്ക്കിടയില്‍ ഈ സംഘര്‍ഷത്തിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം പോരാട്ടങ്ങൾ വന്യജീവികൾക്കിടയിൽ സ്വാഭാവികമാണെങ്കിലും മനുഷ്യർക്കിടയിൽ വെച്ച് നടക്കുന്നത് അപൂർവമാണ്. ചിലപ്പോൾ ഇത്തരം പോരാട്ടങ്ങൾ മൃഗങ്ങളുടെ മരണത്തിൽ വരെ കലാശിക്കാറുണ്ട്.




