ഇൻസ്റ്റാഗ്രാം റീലുകൾ പങ്കുവെക്കുന്നത് നിർത്താൻ ഭാര്യയോട് ആവശ്യപ്പെട്ടിട്ടും അവര്‍ വിസമ്മതിച്ചതിനെത്തുടർന്ന്, ഭാര്യ ജീവിച്ചിരിക്കെത്തന്നെ ഭർത്താവ് അവരുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യ തനിക്ക് മരിച്ചതിന് തുല്യമാണെന്ന് പ്രഖ്യാപിക്കാനാണ് ഭർത്താവ് ഈ അസാധാരണ നടപടി സ്വീകരിച്ചത്.
ഭാര്യ പങ്കുവെക്കുന്ന ചില പ്രത്യേകതരം റീലുകൾ ഭർത്താവിനെ ചൊടിപ്പിക്കുകയായിരുന്നു. ഇത്തരം വീഡിയോകൾ ചെയ്യരുതെന്ന ഭർത്താവിന്റെ ആവശ്യം ഭാര്യ നിരസിച്ചതോടെയാണ് അദ്ദേഹം പുഴക്കരയിൽ വെച്ച് ഈ ചടങ്ങുകൾ നടത്തിയത്. വൈറലായ വീഡിയോയിൽ, മാലയിട്ട ഭാര്യയുടെ ഫോട്ടോ കൈയ്യിൽ പിടിച്ചുനിൽക്കുന്ന ഇയാൾ, ഫോട്ടോയിൽ തുപ്പുകയും പിന്നീട് അത് പുഴയിലേക്ക് എറിയുകയും ചെയ്യുന്നത് കാണാം. ‘ഘർ കേ കലൈഷ്’ എന്ന എക്സ് (ട്വിറ്റർ) പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്.
ഈ വീഡിയോയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ ഉയരുന്നത്. വീഡിയോയിലെ ഫോട്ടോയിലുള്ള സ്ത്രീയും റീലുകളിലുള്ള സ്ത്രീയും ഒരാളല്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഇത്തരം നാടകങ്ങൾ കാണിക്കുന്നതിന് പകരം നിയമപരമായി വിവാഹമോചനം നേടുകയാണ് വേണ്ടതെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള ‘റീൽ സംസ്കാരം’ വിവാഹബന്ധങ്ങളെ തകർക്കുകയാണെന്നും ചിലർ കുറിച്ചു. എങ്കിലും, ഇത്തരമൊരു ചടങ്ങ് നടത്തിയത് കൊണ്ട് നിയമപരമായി ഇയാൾക്ക് യാതൊരു പ്രയോജനവുമില്ലെന്നും ഭാര്യയ്ക്ക് എല്ലാ നിയമപരമായ അവകാശങ്ങളും തുടർന്നും ലഭിക്കുമെന്നും കമന്റുകളിൽ ആളുകൾ ഓർമ്മിപ്പിച്ചു.




