പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ് ശൈലി ഈ സീസണിൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. രാജസ്ഥാൻ റോയൽസിനായി റൺസ് അടിച്ചുകൂട്ടുന്ന വൈഭവ്, ജസ്പ്രീത് ബുമ്രയെയും ജോഷ് ഹെയ്‌സൽവുഡിനെയും പോലുള്ള ലോകോത്തര ബൗളർമാരെ ഒരുപോലെ പ്രഹരിച്ചാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. വൈഭവിനെ തടയാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യത്തിന് വെസ്റ്റിൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പിനും കൃത്യമായ ഉത്തരമില്ല.
വൈഭവിന്റെ ബാറ്റ് സ്വിങ് ബേസ്ബോൾ ശൈലിയിലുള്ളതാണെന്നും അവന്റെ കൃത്യമായ ബലഹീനത കണ്ടെത്തുക പ്രയാസമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ഷോർട്ട് പന്തുകൾ വഴി അവനെ കുടുക്കാൻ ശ്രമിക്കാമെങ്കിലും അത് പിഴച്ചാൽ പന്ത് അതിർത്തിക്ക് പുറത്തെത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, വൈഭവിന്റെ ബാറ്റിങ്ങിനെക്കുറിച്ച് പാക് ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ് നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. വൈഭവിന്റെ ബാറ്റിനുള്ളിൽ എഐ (AI) ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പന്ത് എപ്പോഴും സിക്സറിലേക്ക് പോകുന്നതെന്നും അദ്ദേഹം തമാശയായി പറഞ്ഞു. ബാറ്റ് ലബോറട്ടറിയിൽ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആരോപണങ്ങൾ സൈബർ ലോകത്ത് വലിയ പരിഹാസങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. തകർപ്പൻ പ്രകടനങ്ങൾ തുടരുന്നതിനിടയിൽ ബാറ്റിനുള്ളിലെ ഈ ‘രഹസ്യം’ ആരാധകർക്കിടയിൽ കൗതുകമായി മാറി.
ഈ ആരോപണത്തിന് വൈഭവ് തന്നെ ഇപ്പോൾ രസകരമായ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ബാറ്റിൽ എഐ ചിപ്പല്ല, മറിച്ച് ദൈവം അനുഗ്രഹിച്ചു നൽകിയ സ്വർണ്ണക്കൈകളാണെന്നാണ് വൈഭവ് പറയുന്നത്. ദൈവം തന്നെയാണ് ബാറ്റിനുള്ളിൽ എന്തോ സ്ഥാപിച്ചിരിക്കുന്നതെന്നും അത് താൻ ഉപയോഗിക്കുകയാണെന്നുമാണ് രാജസ്ഥാൻ റോയൽസ് പങ്കുവെച്ച വീഡിയോയിൽ വൈഭവ് വ്യക്തമാക്കിയത്. തമാശരൂപേണയുള്ള പാക് നിരീക്ഷകന്റെ ആരോപണത്തിന് അത്രതന്നെ സ്പിരിറ്റോടെ വൈഭവ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ ആരാധകവൃന്ദത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്.




