Sports

ഐപിഎല്ലിൽ ദയനീയ പ്രകടനം; ഈ മൂന്ന് ക്യാപ്റ്റന്മാരുടെ ‘പണി’ തെറിക്കും ! ഉടമകൾ കലിപ്പിൽ

ഐപിഎൽ 19-ാം സീസണിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് മൂന്ന് പ്രമുഖ ടീമുകളുടെ നായകന്മാർ സ്ഥാനത്തുനിന്ന് മാറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ . ഡൽഹി ക്യാപിറ്റൽസിന്റെ അക്ഷർ പട്ടേൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അജിങ്ക്യ രഹാനെ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഋഷഭ് പന്ത് എന്നിവരുടെ ക്യാപ്റ്റൻ സ്ഥാനമാണ് ഭീഷണിയിലായിരിക്കുന്നത്. കഴിഞ്ഞ സീസണിലും ടീമിനെ നയിച്ച ഇവർക്ക് ഇത്തവണ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. നിലവിൽ പട്ടികയിൽ ഏറ്റവും പിന്നിലുള്ള ലഖ്‌നൗവും മുംബൈ ഇന്ത്യൻസുമാണ് പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായത്.

ടീമിന്റെ മോശം പ്രകടനം നായകൻ ഋഷഭ് പന്തിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് പോലും ഭീഷണിയായി മാറിയിരിക്കുകയാണ്. ബാറ്റിംഗിൽ വിവിധ സ്ഥാനങ്ങളിൽ പരീക്ഷിക്കപ്പെട്ടെങ്കിലും പന്തിന് പഴയ ഫോമിലേക്ക് ഉയരാനായില്ല. തുടർച്ചയായി രണ്ടാം തവണയും ടീം പ്ലേ ഓഫ് കാണാതെ പുറത്തായത് ഉടമ സഞ്ജീവ് ഗോയങ്കയെ കടുത്ത നിരാശയിലാക്കിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട പന്ത് ഈ സീസണിലെ 11 മത്സരങ്ങളിൽ നിന്ന് ഒൻപത് സിക്സറുകൾ മാത്രമാണ് നേടിയത്. 138 എന്ന സ്ട്രൈക്ക് റേറ്റ് ട്വന്റി20 ക്രിക്കറ്റിന്റെ നിലവാരത്തിന് ഒട്ടും ചേരാത്തതാണെന്ന വിമർശനവും ഉയരുന്നുണ്ട്.

ഡൽഹി നായകൻ അക്ഷർ പട്ടേലിന്റെ പ്രകടനവും അത്ര മികച്ചതല്ല. ഒൻപത് ഇന്നിങ്‌സുകളിൽ നിന്ന് വെറും നൂറ് റൺസ് മാത്രമാണ് താരം നേടിയത്. ബൗളിംഗിൽ 12 കളികളിലായി 10 വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിനായില്ല. കുൽദീപ് യാദവിനെ അപേക്ഷിച്ച് റൺസ് വിട്ടുകൊടുക്കുന്നതിൽ അക്ഷർ നിയന്ത്രണം പാലിച്ചെങ്കിലും നിർണായക വിക്കറ്റുകൾ നേടുന്നതിൽ പിന്നിലായി. അടുത്ത സീസൺ മുതൽ ഡൽഹി ക്യാപിറ്റൽസിന് പുതിയ ഉടമസ്ഥർ വരുമ്പോൾ അക്ഷർ നായകസ്ഥാനത്ത് നിന്ന് നീക്കപ്പെടുമെന്നാണ് സൂചനകൾ. അഭിഷേക് പോറൽ, മാധവ് തിവാരി തുടങ്ങിയ യുവതാരങ്ങളെ ശരിയായി ഉപയോഗിച്ചില്ലെന്ന പരാതിയും അദ്ദേഹത്തിനെതിരെയുണ്ട്.

വൻ പ്രതീക്ഷകളോടെ സീസൺ ആരംഭിച്ച അജിങ്ക്യ രഹാനെയും കടുത്ത വിമർശനങ്ങൾ നേരിടുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മുന്നിലെത്തിക്കാൻ രഹാനെയുടെയും അഭിഷേക് നായരുടെയും തന്ത്രങ്ങൾക്കായില്ല. രഹാനെ 133 സ്ട്രൈക്ക് റേറ്റിൽ 237 റൺസ് നേടിയപ്പോൾ ആംഗ്‌കൃഷ് രഘുവംശി 340 റൺസെടുത്തു. ഇരുവരുടെയും വേഗത കുറഞ്ഞ ബാറ്റിംഗ് ടീമിന്റെ മൊത്തത്തിലുള്ള സ്കോറിംഗിനെ ബാധിച്ചു. ആകെ 25 സിക്സറുകൾ മാത്രമാണ് ഇരുവരും ചേർന്ന് നേടിയത്. പന്തും അക്ഷറും ഒരുപക്ഷേ ടീമിൽ തുടർന്നേക്കാമെങ്കിലും രഹാനെ അടുത്ത മെഗാ ലേലത്തിൽ തന്നെ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് വൃത്തങ്ങൾ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *