Crime

‘എനിക്ക് ഇയാളെ വേണ്ട’; ആദ്യരാത്രിയിൽ വരനെ അടിച്ച് പരുക്കേല്‍പ്പിച്ച് നവവധു; പിന്നാലെ വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

ഉത്തർപ്രദേശിലെ രാംപൂരിൽ വിവാഹത്തിന്റെ ആദ്യരാത്രിയിൽ വരനെ വധു മർദ്ദിച്ചതായും തുടർന്നുണ്ടായ കുടുംബകലഹത്തിൽ വരന് പരിക്കേറ്റതായും പരാതി. ബിലാസ്പൂരിലെ ലക്ഷ്മിനഗർ പ്രദേശത്താണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാർച്ച് 29-നാണ് ബേക്കറി ഉടമയായ ഇരുപത്തിരണ്ടുകാരൻ കനയ്യയും കിച്ച സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം വരന്റെ വീട്ടിലെത്തിയ വധുവിനായി ബന്ധുക്കൾക്കും അയൽവാസികൾക്കുമായി വിരുന്നും ഒരുക്കിയിരുന്നു. രാത്രി വരെ കാര്യങ്ങൾ സാധാരണ നിലയിലായിരുന്നു.

രാത്രി ദമ്പതികൾ മുറിയിലേക്ക് പോയതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി വീട്ടുകാർ പറയുന്നു. ബഹളം കേട്ട് ബന്ധുക്കൾ ഇടപെട്ടപ്പോഴാണ് വധു തന്നെ പലതവണ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തതായി വരൻ ആരോപിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ചോദ്യം ചെയ്തു. തനിക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലെന്ന് യുവതി അറിയിച്ചതായി വരന്റെ കുടുംബം പറഞ്ഞു. പിറ്റേന്ന് പ്രശ്നം പരിഹരിക്കാനായി വിളിച്ചുചേർത്ത പഞ്ചായത്ത് യോഗത്തിനിടെ തർക്കം വീണ്ടും രൂക്ഷമായി.

യോഗത്തിനിടെ വധുവിന്റെ വീട്ടുകാർ കനയ്യയെ ആക്രമിക്കുകയും തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. അന്ന് വൈകുന്നേരം നടന്ന മറ്റൊരു ചർച്ചയിൽ വരനോടൊപ്പം താമസിക്കാൻ കഴിയില്ലെന്ന് വധു ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് രേഖാമൂലം ഒത്തുതീർപ്പിലെത്തിയ ശേഷം വധു സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇരുവിഭാഗവും ഒത്തുതീർപ്പ് പത്രം സമർപ്പിച്ചതോടെ പ്രശ്നം അവസാനിച്ചതായി പോലീസ് സ്ഥിരീകരിച്ചു.