Crime

ഭാര്യയും ഒന്‍പതാം ക്ലാസുകാരി മകളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു ; കാമുകന് ക്വട്ടേഷന്‍

അസമില്‍ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെയും ഒന്‍പതാം ക്ലാസുകാരിയായ മകളെയും മറ്റു രണ്ടു പേരെയും അറസ്റ്റു ചെയ്തു. 38 കാരനായ ഉത്തം ഗഗോയിയെയാണ് ജൂലൈ 25 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസമിലെ ദിബ്രുഗഡിലെ ബാർബറുവയിലാണ് സംഭവം.

ജൂലൈ 25ന് പക്ഷാഘാതംമൂലം ഉത്തം ഗഗോയി മരണപ്പെട്ടു എന്നാണ് ആദ്യം കുടുംബം ബന്ധുക്കളെ അറിയിച്ചിരുന്നത്. ഉത്തമിന്റെ സഹോദരന്‍ സംശയമുന്നയിച്ചതോടെ കവര്‍ച്ചയ്ക്കിടെയുണ്ടായ കൊലപാതകം എന്നായി. വീട്ടിലെത്തിയ ഉത്തമിന്റെ സഹോദരന് മൃതദേഹം കണ്ടപ്പോഴുണ്ടായ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഉത്തമിന്റെ ചെവി മുറിഞ്ഞ നിലയിലായിരുന്നു. സമീപത്ത് കുട തുറന്നുവെച്ച നിലയിലും ഉണ്ടായിരുന്നു. ഇതിനെ പറ്റി തിരക്കിയപ്പോള്‍ കവര്‍ച്ച ശ്രമം നടന്നു എന്നായിരുന്നു അന്ന് ഭാര്യ പറഞ്ഞത്.

പൊലീസ് അന്വേഷണത്തില്‍ ഇത് നുണയാണെന്ന് തെളിഞ്ഞു. ഉത്തമിന്റെ ഭാര്യ ബോബി സോനംവാളിനും 16 കാരിയായ മകള്‍ക്കും കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ പ്രതിയായ ദീപജ്യോതി ബുറാഗോഹെയ്‌നുമായി (21) 16 കാരിക്ക് ബന്ധമുണ്ടായിരുന്നു. ഇരുവരും കൊലപാതകത്തിനായി ഇയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ക്വട്ടേഷന്‍ തുകയായി വീട്ടിലെ പണവും സ്വര്‍ണവും കൈമാറി.

പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ സംഭവം കവർച്ചയാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഭാര്യയുടെയും മകളുടെയും പങ്ക് കണ്ടെത്തിയതെന്ന് ദിബ്രുഗഡ് സീനിയർ പോലീസ് സൂപ്രണ്ട് എസ്എസ്പി രാകേഷ് റെഡ്ഡി പറഞ്ഞു.