കൊല്ലം നഗരത്തിൽ ഗുണ്ടാ അസോസിയേഷൻ രൂപീകരിക്കാൻ ശ്രമിച്ച ആറംഗ സംഘത്തിനെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. മാരകായുധങ്ങളും തോക്കുമായി ഇവർ യോഗം ചേരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. യോഗത്തിൽ പങ്കെടുത്തവർ കൊടും ക്രിമിനലുകളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജോനകപുറം സ്വദേശി നൗഫൽ, ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ, ശക്തികുളങ്ങര സ്വദേശി സക്കറിയ, മുണ്ടക്കൽ സ്വദേശി ഷെറിൻ, പള്ളിത്തോട്ടം സ്വദേശി ഷാനു, കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ജാമ്യത്തിൽ വിട്ടു. ബിഎൻഎസ് സെക്ഷൻ 192 പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുണ്ടയ്ക്കൽ ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് സംഘം ഒത്തുകൂടിയത്. ഇവിടെ വെച്ച് ഒന്നാം പ്രതി പിസ്റ്റൾ കൈവശം വെച്ച് നിൽക്കുന്ന ചിത്രങ്ങൾ ഇവർ പകർത്തിയിരുന്നു. വ്യത്യസ്ത ദിവസങ്ങളിലായാണ് കേസിനാസ്പദമായ ഇത്തരം സംഭവങ്ങൾ നടന്നതെന്ന് പോലീസ് വ്യക്തമാക്കി.
കൊല്ലം ശാരദാമഠത്തിന് സമീപം ഗുണ്ടാ അസോസിയേഷൻ ഓഫീസ് തുടങ്ങുന്നുവെന്ന തരത്തിൽ വീഡിയോകൾ നിർമ്മിക്കുകയും റോഡിൽ പാട്ടുവെച്ച് നൃത്തം ചെയ്യുകയും ചെയ്തു. നാട്ടുകാരിൽ ഭീതിയും പ്രകോപനവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.




